ശബരിമല: ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം കൂടിയിട്ടുണ്ടെന്നും ഇത് കണക്കിലെടുത്ത് തിരക്കുള്ള ദിനങ്ങളില്‍ നട തുറക്കുന്ന സമയം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ പറഞ്ഞു. ഇത് പ്രകാരം വലിയ തിരക്കുള്ളപ്പോള്‍ പുലര്‍ച്ചെ മൂന്നിന് നട തുറക്കുകയും രാത്രി 11.45 ന് അടയ്ക്കുകയും ചെയ്യും. തീര്‍ഥാടകരുടെ ക്യൂ കൂടുതല്‍ സമയം നീണ്ടാല്‍ ലഘു ഭക്ഷണം വിതരണം ചെയ്യുന്നത് പരിഗണിക്കുന്നുണ്ട്.
ഇപ്പോള്‍ ക്യൂവില്‍ നില്ക്കുന്ന തീര്‍ഥാടകര്‍ക്കു ചുക്ക് വെള്ളം നല്‍കുന്നുണ്ട്. ക്യൂ രണ്ടു മണിക്കൂറിലേറെ നീണ്ടാല്‍ തീര്‍ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് ഭക്ഷണം ക്രമീകരിക്കും. ദേവസ്വം ബോര്‍ഡിനു പുറമേ അയ്യപ്പ സേവാ സമാജവും, അയ്യപ്പ സേവാ സംഘവും തീര്‍ഥാടകര്‍ക്കു ഭക്ഷണം നല്‍കുന്നുണ്ട്.
തീര്‍ത്ഥാടനത്തിന്റെ തുടക്കത്തില്‍ തന്നെ പോലീസ് നിര്‍ദേശിച്ച എല്ലാ സ്ഥലങ്ങളിലും ആവശ്യമായ ബാരിക്കേഡുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സ്വാമി അയ്യപ്പന് റോഡില്‍ ബാരിക്കേഡ് നിര്‍മിക്കാന്‍ വനം വകുപ്പിന് 7.50 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: