പരവൂര്‍: ഭാരതീയ വിദ്യാനികേതന്റെ പത്താമത് ജില്ലാകലോത്സവത്തിന് പരവൂര്‍ എസ്എന്‍വിആര്‍സി ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീര തുടക്കം. രാവിലെ ഒമ്പതിന് വിദ്യാനികേതന്‍ ജില്ലാകാര്യദര്‍ശി എ.ജി. ശ്രീകുമാര്‍ പതാക ഉയര്‍ത്തി കലോത്സവത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എസ്.രാമചന്ദ്രന് മാസ്റ്റര്‍ ഭദ്രദീപം കൊളുത്തിയതോടെ കലോത്സവത്തിന് തിരിതെളിഞ്ഞു.
ഭാരതദര്ശനത്തിനും ഭാരതത്തിന്റെ സമഗ്രവിദ്യാഭ്യാസത്തിനും ഭാരതീയ വിദ്യാനികേതന്‍ നല്കുന്ന പങ്ക് വലുതാണെന്നും ആധ്യാത്മികമൂല്യമുള്ള വിദ്യാഭ്യാസസമ്പ്രദായം ഭാരതത്തില്‍ ഉത്തമവ്യക്തികളെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ രാമചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു.
വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിലെ സര്‍ഗശേഷി വര്‍ധിപ്പിക്കുവാന്‍ കഴിയുന്ന കലാമത്സരങ്ങള്‍ നടത്താന്‍ കലാമൂല്യമുള്ള നല്ല കലാകാരന്മാരെ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരവൂര്‍ നഗരസഭാധ്യക്ഷ വി. അംബിക അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സ്കൂളിലെ പ്രാര്‍ത്ഥന കുട്ടികളില്‍ ആധ്യാത്മിക സാംസ്കാരിക അവബോധം സൃഷ്ടിക്കുവാന്‍ ഉതകുന്നതാണെന്നും കുട്ടികള്‍ ഭാരതത്തിന്റെ ആചാരനുഷ്ഠാനങ്ങളില്‍ ആകൃഷ്ടരായി ഭാരതത്തിലെ ഉത്തമപൗരന്മാരായി മാറുവാന്‍ വിദ്യാനികേതനിലെ വിദ്യാഭ്യാസം കൊണ്ട് ഈ കുട്ടികള്‍ക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു.
വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷ പ്രൊഫ. ജി. ശാന്തകുമാരി ടീച്ചര്‍, വി.പി. ചന്ദ്രസേനന്‍പിള്ള, അഡ്വ. രാജേന്ദ്രപ്രസാദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഷീല എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കെ.പ്രസന്നകുമാര്‍ സ്വാഗതവും എന്‍.ജി.അമര്‍നാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: