സിഡ്നി: ഫിലിപ്പ് ഹ്യൂസിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ- ആസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നിശ്ചയിച്ച പ്രകാരം നടക്കുമോയെന്ന സംശയം പ്രബലമായി. ഹ്യൂസിന്റെ മരണം നല്കിയ നൊമ്പരച്ചുഴിയിലാണ് ഓസീസ് താരങ്ങളെല്ലാം. അതിനാല്‍ത്തന്നെ കളിക്കാരുടെ മാനസിക നിലയനുസരിച്ചിരിക്കും ആദ്യ ടെസ്റ്റിന്റെ ഭാവി.
ക്രിക്കറ്റ് ആസ്ട്രേലിയ സിഇഒ ജെയിംസ് സതര്‍ലാന്റ് ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടു. ഡിസംബര്‍ നാലിനാണ് ബ്രിസ്ബെയ്ന്‍ ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
അവര്‍ വിതുമ്പുന്നു. അത്രയ്ക്ക് അടുപ്പമുള്ളയൊരാളെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്, ഓസീസ് കളിക്കാരുടെ അവസ്ഥ സതര്‍ലാന്റ് തുറന്നുപറഞ്ഞു.
ടെസ്റ്റ് ടീമില്‍ അംഗങ്ങളായ ഡേവിഡ് വാര്‍ണര്‍, ബ്രാഡ് ഹാഡിന്, ഷെയ്ന് വാട്സന്, നതാന്‍ ലയോണ്‍ എന്നിവരെല്ലാം ഹ്യൂസ് ഏറുകൊണ്ടു വീഴുമ്പോള്‍ ഗ്രൗണ്ടിലുണ്ടായിരുന്നു.
ബിസിസിഐ ഒഫീഷ്യല്‍സുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അവരുടെ സഹാനുഭൂതിയും കാര്യങ്ങള്‍ മനസിലാക്കാനുള്ളശേഷിയും അത്ഭുതകരം. നമ്മള് ക്രിക്കറ്റിനെ സ്നേഹിക്കുന്നു. അതിലേറെ ഫിലിപ്പിനേയും. ക്രിക്കറ്റ് മുന്നോട്ടുപോകും.
നാം പൂര്ണസജ്ജരാകുമ്പോള്. താരങ്ങള്‍ മാനസികമായി ഒരുങ്ങുമ്പോള്‍ മാത്രമേ മത്സരം ആരംഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: