കോട്ടയം: പക്ഷിപ്പനിയുടെ പേരില്‍ ജനങ്ങളില്‍ ഭീതി പരത്തുന്നുവെന്നാരോപിച്ച് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിക്കുമുന്നില്‍ കോഴിയിറച്ചി കഴിച്ച് പ്രതിഷേധിച്ചു. ടെമ്പോയില്‍ തയാറാക്കിയ അടുപ്പില്‍ 30 ഓളം കോഴികളെ പൊരിച്ച്് ഭക്ഷിച്ചായിരുന്നു സമരം. ചീഫ്വിപ്പ് പി.സി.ജോര്‍ജ്ജ് സമരക്കാര്‍ക്കൊപ്പം ചേര്‍ന്ന് കോഴിയിറച്ചി ഭക്ഷിച്ച് സമരത്തില്‍ പങ്കുചേര്‍ന്നു. പ്രകടനമായെത്തിയ സമരക്കാരെ മുഖ്യമന്ത്രിയുടെ വീടിനുസമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ റോഡിന്മുന്നില് കുത്തിയിരുന്നു. അസോസിയേഷന് സംസ്ഥാനപ്രസിഡന്റ് ബൈജു കടവന്‍ സമരം ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഖാദറലി വറ്റല്ലൂര്‍, സെക്രട്ടറി കെ.കെ. രമണന്, സയ്ദ് മണലായ, സജി കിളിരൂര്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. കോഴി വില്‍പ്പന തടസപ്പെടുന്ന സാഹചര്യത്തില്‍ തറവിലയായ 95 രൂപ നഷ്ടപരിഹാരം നല്കി കോഴികളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചെക്ക്പോസ്റ്റുകളില്‍ കോഴിതീറ്റ വണ്ടി തടയുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 300 ഓളം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: