കോട്ടയം: പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ പക്ഷികളെ രണ്ടു ദിവസത്തിനകം കൊന്ന് സംസ്കരിക്കണമെന്ന് കേന്ദ്ര മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ചു. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്ന അവലോകന യോഗത്തിലാണ് കേന്ദ്രസംഘം ഇക്കാര്യം അറിയിച്ചത്. പക്ഷികളെ കൊന്ന് സംസ്കരിക്കുന്നവര്‍ വ്യക്തിഗതസുരക്ഷാ വസ്ത്രം നിര്‍ബന്ധമായും ഉപയോഗിക്കണം. കൊല്ലുന്ന പ്രദേശത്തേക്ക് പോകുന്നവരും സുരക്ഷാ വസ്ത്രം ഉപയോഗിക്കണമെന്നും സംഘം നിര്‍ദ്ദേശിച്ചു.
പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരും ചേര്‍ന്ന് വീടുവീടാന്തരം ബോധവത്ക്കരണം നടത്തണം. ആഴ്ചയില്‍ ഒരിക്കല്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണമെന്നും കേന്ദ്രസംഘം നിര്‍ദ്ദേശിച്ചു.
പനി, ശ്വാസംമുട്ടല്‍, തൊണ്ടവേദന തുടങ്ങിയവയുള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കണം. ദിവസവും വൈകിട്ട് നാലിന് സ്ഥിതി വിവരങ്ങളുടെ റിപ്പോര്‍ട്ട് കൃത്യമായ പ്രൊഫോര്മിയില് നല്‍കണമെന്നും കേന്ദ്രസംഘം അറിയിച്ചു.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര മെഡിക്കല്‍ സംഘാംഗങ്ങളായ ഡോ. സി.എസ്. അഗര്‍വാള്‍, ഡോ. സോമനാഥ് കമാക്കര്‍, ഡോ. ദേശ് ദീപക്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ആര്. ബിന്ദുകുമാരി, ഡോ. പ്രിയ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി. ശശിധരന്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.എന്‍. ചന്ദ്രന്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ്, പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: