കൊച്ചി: അടഞ്ഞുകിടക്കുന്ന എഫ്എസിടിയുടെ അമോണിയ, കാപ്രോലക്റ്റം പ്ലാന്റുകള്‍ മൂന്നാഴ്ചയ്ക്കകം പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ഫാക്ട് സിഎംഡി ജയ്വീര് ശ്രീവാസ്തവ. ഫാക്ട് ഉപയോഗിക്കുന്ന ദ്രവീകൃത പ്രകൃതിവാതകത്തിന്റെ വാറ്റ് ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെത്തുടര്‍ന്നാണിത്.
ദ്രവീകൃത പ്രകൃതിവാതകത്തിന് വില 24 ഡോളറായി ഉയര്‍ന്നതോടെ ജനുവരിയില്‍ അടച്ചുപൂട്ടിയ അമോണിയ പ്ലാന്റാണ് ആദ്യം പ്രവര്‍ത്തനസജ്ജമാക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് കാപ്രോലാക്റ്റം പ്ലാന്റിന്റെ പ്രവര്‍ത്തനവും ആരംഭിക്കും. പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ 5 മുതല്‍ 7 കോടി രൂപ വേണ്ടിവരും. ഫാക്ടിന് എല്‍എന്‍ജിയുടെ വാറ്റ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുമ്പോള്‍ യൂണിറ്റിന് 13.47 ഡോളറിന് പ്രകൃതിവാതകം ലഭ്യമാക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. നിലവില്‍ 15 ഡോളറാണ് എല്‍എന്‍ജിയുടെ വില. എല്‍എന്‍ജി ഉപയോഗം വഴി 60-70 മടങ്ങ് ഉല്പാദനം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം.
ഫാക്ടിനെ പീഡിത വ്യവസായങ്ങളുടെ പട്ടികയിലാക്കുന്നതുമായി ബന്ധപ്പെട്ട് ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ (ബിഐഎഫ്ആര്‍) നടത്താനിരുന്ന തെളിവെടുപ്പിന്റെ കാലാവധി മൂന്നുമാസം നീട്ടിയിട്ടുണ്ട്. രണ്ടാം തവണയാണ് കേന്ദ്രരാസവള മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം ബിഐഎഫ്ആര്‍ തെളിവെടുപ്പ് മാറ്റിവയ്ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഫാക്ടിന് പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് മൂന്നു മാസക്കാലത്തിനുള്ളില്‍ നല്‍കിയാലേ സ്ഥാപനത്തിന് നിലനില്ക്കാന് സാധിക്കൂവെന്നും ചൂണ്ടിക്കാട്ടി.
ഉദ്യോഗമണ്ഡലില്‍ ഫാക്ടിനുള്ള 150 ഏക്കറില്‍ നിലിവില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഫാക്ട് ഡയറക്റ്റര്‍ ബോര്‍ഡ് യോഗം നിരസിച്ചുവെന്നും വ്യക്തമാക്കി. അതേസമയം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സ്ഥലം കൈമാറാന്‍ തീരുമാനിച്ചാല്‍ എതിര്‍ക്കാനാവില്ല. നിലനില്‍പ്പിനായി കഷ്ടപ്പെടുമ്പോള്‍ ഫാക്ടിന് ചിലത് ത്യജിക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: