ആലപ്പുഴ: മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പക്ഷിപ്പനി അത്ര ഗുരുതരമല്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പക്ഷികളില്‍ വൈറസ് ബാധമൂലമുണ്ടാകുന്ന സാംക്രമിക രോഗമാണു പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്ളൂ. കാട്ടുപക്ഷികളില്‍ നിന്നാണ് ഈ രോഗം വളര്‍ത്തുപക്ഷികള്‍ക്കു പകരുന്നത്. കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളെയും മറ്റു പക്ഷികളെയും പക്ഷിപ്പനി ബാധിക്കും. തൂവലുകള്‍ നഷ്ടപ്പെടുക, മുട്ടയുടെ എണ്ണം കുറയുക എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന പക്ഷിപ്പനി താരതമ്യേന അപകടരഹിതമാണ്.ഇറച്ചിക്കോഴികളെ ബാധിക്കുന്ന രണ്ടാമത്തെ ഇനം പക്ഷിപ്പനി മാരകവും അതിവേഗം പടരുന്നതുമാണ്. ഇത്തരം പനിബാധിച്ച കോഴികള്‍ 48 മണിക്കൂറിനകം ചാകും.പക്ഷിപ്പനി ബാധിച്ച കോഴിയുടെ പൂവില്‍ കുമിളകള്‍. ഇതിനുള്ളില്‍ ദ്രാവകമോ രക്തമോ ആകും. കാലുകളില്‍ ചുവന്ന തടിപ്പ്.
മൂക്കില്‍നിന്നും കണ്ണുകളില്‍നിന്നും വെള്ളം ഒലിക്കുന്നതും പക്ഷിപ്പനിയുടെ ലക്ഷണമാണ്. താറാവ് പെട്ടെന്നു തൂങ്ങി നില്‍ക്കുകയും ചുണ്ടു വിറപ്പിക്കുകയും പിന്നീട് തല തല്ലി വീണു ചാകുകയുമാണു താറാവുകളിലെ പക്ഷിപ്പനിയുടെ ലക്ഷണം. കണ്ണിനു നീലനിറമാകുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. പക്ഷിപ്പനി വൈറസുകള്‍ താരതമ്യേന രോഗസംക്രമണ സാധ്യത കുറഞ്ഞവയാണ്. സാധാരണയായി പക്ഷികളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന വൈറസുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് മനുഷ്യരില്‍ കടന്നു രോഗമുണ്ടാക്കുന്നത്. പക്ഷികളുടെ വിസര്‍ജ്യവസ്തുക്കളില്‍നിന്നും ശരീരദ്രവങ്ങളില്നിന്നുമാണു രോഗം പകരുന്നത്. രോഗബാധിതമായ പക്ഷികളുമായി നേരിട്ടുള്ള സമ്പര്‍ക്കം, അസുഖം ബാധിച്ച പക്ഷികളെ വെട്ടുക, തൊലിയുരിക്കുക, തൂവല്‍ പറിക്കുക തുടങ്ങിയവയില്‍ നിന്ന് രോഗം പകരാം.
തീറ്റ, വെള്ളം, കൂട്, പക്ഷികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, വസ്ത്രങ്ങള്‍, അസുഖബാധിതരായ പക്ഷികളുടെ മുട്ടകള്‍ വിരിയാന്‍ വച്ച ഇന്‍ക്യുബേറ്ററുകള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയും രോഗം പകരാം.സാധാരണ പനിയുടെ ലക്ഷണങ്ങളുമായി ആരംഭിക്കുന്ന അസുഖത്തെത്തുടര്‍ന്നു ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍, പേശിവേദന, തൊണ്ടവേദന, അവയവങ്ങള്‍ പ്രവര്‍ത്തിക്കാതാകുക തുടങ്ങിയവയുണ്ടാകാം.പക്ഷിപ്പനി മനുഷ്യരില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കാറില്ല. രോഗം ബാധിച്ച പക്ഷികളുമായി അടുത്തിടപഴകുന്നവര്‍, അറവുശാലകളിലും ഫാമുകളിലും ജോലി ചെയ്യുന്നവര്‍, പക്ഷികളെ വളര്‍ത്തുന്നവര്‍ എന്നിവര്‍ക്ക് രോഗം പകരാം.
രോഗം ബാധിച്ച പക്ഷിയുടെ വിസര്‍ജ്യങ്ങളിലും സ്രവങ്ങളിലും രോഗാണു കലര്‍ന്നിരിക്കും. അതിനാല്‍, ദേഹത്തു മുറിവുകളുള്ളപ്പോള്‍ പക്ഷികളുമായി അടുപ്പം ഒഴിവാക്കുക. വ്യക്തിശുചിത്വം നിര്‍ബന്ധം.രോഗബാധയുള്ള പ്രദേശങ്ങളില്‍ ഇറച്ചി ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. രോഗബാധയുള്ള സ്ഥലങ്ങളില്‍ ഇവയുടെ ഇറച്ചി 70 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ പാകംചെയ്തു കഴിക്കാം. പകുതി പാകത്തിലുള്ള ഇറച്ചി വിഭവങ്ങള്‍ കഴിക്കരുത്. മുട്ടത്തോടും മുട്ടയുടെ വെള്ളയും മഞ്ഞയും പക്ഷിപ്പനി വൈറസ് ബാധയില്‍ നിന്നു മുക്തമല്ല. ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചാലും പക്ഷിപ്പനി വൈറസ് നശിക്കില്ല.
രോഗം ബാധിച്ച സ്ഥലങ്ങളില്‍ നിന്നു താറാവ്, കോഴി തുടങ്ങിയ പക്ഷികളെയൊന്നും ഇറക്കുമതി ചെയ്യരുത്. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കി അവശിഷ്ടങ്ങള്‍ ശരിയായി സംസ്കരിക്കണം. 56 ഡിഗ്രി സെല്‍ഷ്യസില്‍ മൂന്നു മണിക്കൂറും 60 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റും 70 ഡിഗ്രി സെല്‍ഷ്യസില്‍ 15 മിനിറ്റും ചൂടാക്കിയാല്‍ വൈറസ് നശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: