കൊട്ടാരക്കര: കേരളത്തെ കാര്‍ന്ന് തിന്നുന്ന അഴിമതിക്കെതിരെ ശക്തമായ നടപടി എടുക്കേണ്ട കാലം അതിക്രമിച്ചുവെന്നും ആരാണെങ്കിലും മുഖം നോക്കാതെയുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കൊട്ടാരക്കരയില്‍ റൂറല്‍ പോലീസ് റസിഡന്റ് അസോസിയേഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഫ്രണ്ട്സ് ഓഫ് പോലീസിന്റെ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
അഴിമതിക്കാര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആരുടെയും ദയാവായ്പല്ല. അത് അവകാശമാണ്.
അവകാശത്തിന് പണം കൊടുക്കുന്നതും വാങ്ങുന്നതും പരിഷ്കൃത സമൂഹത്തിന് നാണക്കേടാണ്. ഇതു തടയാന്‍ സര്‍ക്കാരിനെ കൊണ്ട് മാത്രം കഴിയില്ല. പൊതുജനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ അത്യാവശ്യമാണന്നും അദേഹം പറഞ്ഞു.‘ഭരണകൂടത്തിന്റ മര്‍ദ്ദക ഉപകരണമല്ല പോലീസ്. ജനത്തിന്റ സേവകരാണെന്ന ചിന്തയില്‍ സൗഹാര്‍ദപരമായി മുന്നോട്ട് പോകാന്‍ ഫ്രണ്ട്സ് പോലീസ് പോലെയുള്ള പദ്ധതികള്‍ നല്ലതാണ്.
റൂറല്‍ ജില്ലയുടെ ആവശ്യത്തിനായി ഒരു കമ്പനി പോലീസിനെ ഉടന്‍ അനുവദിക്കും. വാഹനത്തിന്റെ കുറവ് പരിഹരിക്കാന്‍ സംസ്ഥാനത്ത് ഒരുമാസത്തിനുള്ളില്‍ പോലിസിന് 450 വാഹനങ്ങള്‍ എത്തുമെന്നും ഇതില്‍ നിന്ന് ജില്ലക്ക് ആവശ്യമായ വാഹനങ്ങള്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്കി. നഗരത്തെ ക്യാമറയുടെ നിരീക്ഷണത്തിലാക്കാനുള്ള നടപടിക്ക് അനുമതി നല്‍കിയതായും ആഭ്യന്തരമന്ത്രി കൂട്ടിചേര്‍ത്തു.
ഇതിനുള്ള തുക എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എയിഷാപോറ്റി എംഎല്‍എ പറഞ്ഞു. റൂറല്‍ എസ്പി എസ്.സുരേന്ദ്രന് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ പാത്തല രാഘവന്, ജേക്കബ്ബ് വര്‍ഗിസ് വടക്കടത്ത്, ഗിരിജകുമാരി, ഡിവൈഎസ്പിമാരായ എം.കെ സുള്‍ഫിക്കര്‍, കെ.ആര്.ശിവസുതന്‍പിള്ള, കെ.എല്‍.ജോണ്‍കുട്ടി, റസിഡന്റ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: