കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് ചിത്രലേഖക്കും കുടുംബത്തിനും നേരെ സിപിഎം നടത്തുന്ന ജാതീയ അതിക്രമങ്ങള്‍ക്കും സാമൂഹ്യ ബഹിഷ്കരണത്തിനുമെതിരെ കലക്ട്രേറ്റ് പടിക്കല്‍ ചിത്രലേഖ നടത്തി വരുന്ന സത്യഗ്രഹത്തിന് പരിഹാരം കാണാന്‍ ജില്ലാ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ 25 മുതല്‍ വിവിധ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാന്‍ സമരസഹായ സമിതി രൂപീകരിച്ചു.
ഭാരവാഹികളായി വി.വി.പ്രഭാകരന് (രക്ഷാധികാരി), ടി.പി.ആര്.നാഥ് (ചെയര്മാന്), പ്രഭാകരന് നാറാത്ത് (ജന.സെക്രട്ടറി), കെ.രതീഷ്, സുനില്‍ കല്ലുകടിയന്‍, ഷുഹൈബ് മുഹമ്മദ് (സെക്രട്ടറിമാര്‍), എ.പ്രേമരാജന്‍ മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ചിത്രലേഖക്കും കുടുംബത്തിനുമെതിരായ സിപിഎം പീഡനം 2005 ല്‍ തുടങ്ങിയതാണ്. നേരത്തെ കലക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയപ്പോള്‍ ചിത്രലേഖക്കും കുടുംബത്തിനും സമാധാന ജീവിതത്തിന് സാഹചര്യ മൊരുക്കുമെന്ന് കലക്ടര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കലക്ടര്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനാലാണ് വീണ്ടും സമരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: