മെല്‍ബണ്‍: നാലാം മത്സരത്തില്‍ മൂന്നു വിക്കറ്റിന്റെ ആവേശോജ്ജ്വല ജയം പിടിച്ചെടുത്ത ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി (3-1). ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് കളഞ്ഞ് 267 റണ്‍സ് കുറിച്ചു. ഏഴു വിക്കറ്റുകള്‍ ബലികഴിച്ച കങ്കാരുക്കള്‍ 49-ാം ഓവറിന്റെ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി.
തോല്‍വിക്കരികില്‍ നിന്ന് സ്റ്റീവന്‍ സ്മിത്തും (104, ഏഴ് ഫോര്‍) മാത്യു വേഡും (52, നാല് ഫോര്‍, ഒരു സിക്സ്) ഓസീസിനെ വിജയതീരമണച്ചെന്നു പറയാം. ചേസ് ചെയ്ത ആതിഥേയര്‍ ആരോണ്‍ ഫിഞ്ച് (22), ഡേവിഡ് വാര്‍ണര്‍ (4), ഷെയ്ന് വാട്സന് (19), ക്യാപ്ടന് ജോര്‍ജ് ബെയ്ലി (16) ഗ്ലെന്‍ മാക്സ്വെല് (2) എന്നിവരെ തുലച്ച് വിളറിവെളുത്തു. രണ്ടു പേരെ മടക്കിയ ഡെയ്ല്‍ സ്റ്റെയ്ന് ഓസീസിനെ വിരട്ടിക്കളഞ്ഞു.
പക്ഷേ, സ്മിത്തും വേഡും ചേര്‍ന്ന് കളിയുടെ ജാതകം മാറ്റിക്കുറിച്ചു. തന്ത്രപരമായി ബാറ്റുവീശിയ ഇരുവരും 121 റണ്‍സ് സ്വരുക്കൂട്ടി ദക്ഷിണാഫ്രിക്കയുടെ കൈയില്‍ നിന്ന് മത്സരം തട്ടിയെടുത്തു. തുടക്കത്തില്‍ സിംഗിളുകളിലും ഡബിളുകളിലും ശ്രദ്ധകേന്ദ്രീകരിച്ച സ്മിത്ത് പിന്നീട് സ്കോറിങ്ങിന് വേഗംകൂട്ടി. വേഡ് മടങ്ങിയെങ്കിലും അടിച്ചുതകര്‍ത്ത ജെയിംസ് ഫാല്‍ക്നര്‍ (19 പന്തില്‍ 34 നോട്ടൗട്ട്) സ്മിത്തിന് പറ്റിയ കൂട്ടാളിയായി. സ്കോര്‍ തുല്യമായപ്പോള്‍ സ്മിത്തിനെ റോബിന് പീറ്റേഴ്സന് ബൗള്‍ഡാക്കി. ഒടുവില്‍ പാറ്റ് കമ്മിന്‍സ് കങ്കാരുപ്പടയുടെ വിജയ റണ്‍സ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: