വടക്കാഞ്ചേരി: ഉപജില്ലാകലോത്സവം കാണാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥികളെ മാരകായുധങ്ങളുമായെത്തിയ പോപ്പുലര്‍ഫണ്ട് സംഘം ആക്രമിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ബോയ്സ് ഹൈസ്കൂളിലെ കലോത്സവവേദിക്കു സമീപം വെച്ചാണ് ആക്രമണമുണ്ടായത്.
ഉത്രാളിക്കാവ് സ്വദേശികളായ പുത്തന്‍പീടികയില്‍ നിഷാദ് (17), വാക്കടവീട്ടില് ശ്രീരാജ് (17), വടക്കാഞ്ചേരി ബോണാര്പാര്ട്ട് വീട്ടില്‍ കെവിന് (16) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ഇവരുടെ സഹപാഠിയും പോപ്പുലര്‍ഫണ്ട് പ്രവര്‍ത്തകനുമായ മുജീബിന്റെ നേതൃത്വത്തില്‍ കമ്പിപ്പാര, ഇടിക്കട്ട, മുളവടി തുടങ്ങിയ മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ നിഷാദ് വടക്കാഞ്ചേരി പഞ്ചായത്തംഗം ബുഷ്റ റഷീദിന്റെ മകനാണ്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഡിഎഫ് നേതാക്കളായ മങ്കര സ്വദേശി ചെറുവായില്‍ ഉസ്മാന്, മംഗലം പൂവ്വത്തിങ്കല്‍ ഷെറീഫ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: