തൃശൂര്‍: കണിമംഗലത്തെ കവര്‍ച്ചക്കും കൊലപാതകത്തിനും പിന്നിലെ പ്രതികളെ കുടുക്കാന്‍ പോലീസിന് നിര്‍ണായകമായത് കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം. കൃത്യം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍, ടേപ്പ് എന്നിവയെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ നിയോഗിച്ച നെടുപുഴ എസ്ഐ ശെല്‍വരാജ്, സീനിയര്‍ സിപിഒ ജയനാരായണന്‍ എന്നിവരടങ്ങുന്ന സംഘം കണിമംഗലം, പനമുക്ക്, വലിയാലുക്കല്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തുമ്പ് ലഭിച്ചത്. വലിയാലുക്കലിലുള്ള കടയില്‍ നിന്ന് രണ്ടുപേര്‍ ടേപ്പ് വാങ്ങിയതെന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയാലായത്.
കമ്മീഷണര്‍ ജേക്കബ് ജോബ് അന്വേഷണത്തിനായി ഇരുപതംഗ സംഘം രൂപീകരിച്ചിരുന്നു. അഞ്ച് പേരടങ്ങുന്ന നാല് സംഘങ്ങളായി തിരിക്കുകയും ഓരോ സംഘത്തിനും പ്രത്യേകം ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. നെടുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു കയറും ടേപ്പും എവിടെ നിന്ന് വാങ്ങിയതെന്ന് കണ്ടെത്താനുള്ള ചുമതല. പ്രതികളെ കണ്ടെത്താനുള്ള നിര്‍ണായക തെളിവായതും ഇതാണ്. ഇത്തരത്തിലുള്ള മോഷണ സംഘങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനായി ചെറു സംഘങ്ങളായി അയല്‍ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എസിപി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചിരുന്നത്. വെസ്റ്റ് സിഐ ടി.ആര്.രാജേഷ്, നെടുപുഴ എസ്ഐ കെ.എസ്.ശെല്‍വരാജ്, സീനിയര്‍ സിപിഒ ജയനാരായണന്‍ എന്നിവരുടെ കൃത്യമായ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്.
സംഘത്തില്‍ ഈസ്റ്റ് സിഐ കെ.കെ.സജീവ്, നെടുപുഴ അഡീഷണല്‍ എസ്ഐ വേലായുധന്, എഎസ്ഐ രാജന്, പോലീസുകാരായ ടി.ഡി.ബൈജു, അനില്‍, രാജീവ്, മനോജ്, ടോണി, ഡിജീഷ്, ജയേഷ്, വനിാ സിപിഒ ഷനിത, തൃശൂര്‍ സിറ്റി ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ ഫിലിപ്പ്, ഡേവീസ്, എഎസ്ഐ അന്‍സാര്‍, പോലീസുകാരായ റാഫി, സുവ്രതകുമാര്‍, ഗോപാലകൃഷ്ണന്, പഴനി സ്വാമി, ഉല്ലാസ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: