കാഞ്ഞങ്ങാട്: ഹൊസ്ദൂര്‍ഗ് ഗവണ്മെന്റ് ഹൈസ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകത്തിന് പിന്നിലെ മുഴുവന്‍ ഘാതകരെയും വെളിച്ചത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് തീരദേശവാസികള്‍ നടത്തിയ പ്രതിഷേധം ഇരമ്പി.
ശ്രീകുറുംബ ഭഗവതി ക്ഷേത്രം സമൂദായ നേതാക്കളുടേയും ആചാര സ്ഥാനീകരുടേയും നേതൃത്വത്തിലാണ് പ്രകടനം നടന്നത്. ബത്തേരി കടപ്പുറത്ത് നിന്നും രാവിലെ 11 മണിയോടെ ആരംഭിച്ച പ്രകടനം 12 മണിയോടുകൂടി പുതിയകോട്ട മാന്തോപ്പ് മൈതാനിയിലെത്തി.
പോലീസ് സ്റ്റേഷന് റോഡിലെത്തിയ പ്രകടനക്കാര്‍ അഭിലാഷിന്റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജനെയും കേസന്വേഷണം നടത്തിയ പോലീസുകാര്‍ക്കെതിരെയും മുദ്രാവാക്യം വിളിച്ചു.
അക്രമസാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചുണ്ടായിരുന്നു. രണ്ടായിരത്തോളം വരുന്ന മത്സ്യതൊഴിലാളികളാണ് പുതികോട്ടയില് തടിച്ചുകൂടിയത്. അഭിലാഷിന്റെ കൊലപാതകം കേവലം ഒരു പതിനേഴുകാരന് മാത്രം ചെയ്തതല്ലെന്നും പിന്നില്‍ വന്ശക്തികളുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
കൊലപാതകത്തിന് കാരണമായി പറയുന്ന പ്രണയം കെട്ടിച്ചമച്ചതാണ്. കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്കി.
ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി
കാഞ്ഞങ്ങാട്: അഭിലാഷിന്റെ മരണത്തിനു പിന്നിലെ യഥാര്‍ത്ഥപ്രതികളെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ യോഗം ചേര്‍ന്നു.
കേസന്വേഷിക്കുന്ന പോലീസിന്റെ പ്രതികരണങ്ങളില്‍ നിന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്ന സംശയം പൊതുജനങ്ങള്‍ക്കുണ്ടെന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.വേലായുധന് പറഞ്ഞു. അഭിലാഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി കേസന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മതശക്തികളുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഭിലാഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തവരെയും അതിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസന്വേഷിക്കണമെന്നും അഭിലാഷിന്റെ കുടുംബത്തിന് അടിയന്തിരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി രജനീഷ് ബാബു സംസാരിച്ചു. പി.കൃഷ്ണന്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ. ശ്രീജിത്ത്, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി രമേശന് തൈവളപ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളും നൂറുകണക്കിനു പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: