കോട്ടയം: കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി ഗോഡൗണുകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ കുറ്റക്കാരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കണ്‍സ്യൂമര്‍ഫെഡ് എം ഡി ഉത്തരവിട്ടു.
ഒന്നരക്കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കോട്ടയം നീതി ഗോഡൗണിന്റെ മാനേജര്‍ അരുണ്‍ ചെറിയാനെ അന്വേഷണ വിധേയമായി കണ്‍സ്യൂമര്‍ഫെഡ് എം ഡി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും നഷ്ടമായ തുക ഈടാക്കാനും എം ഡി ഉത്തരവിട്ടിട്ടുണ്ട്.
സഹകരണ സംഘങ്ങളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയത്തെ നീതി ഗോഡൗണില്‍ നടത്തിയ ഓഡിറ്റിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്.
സഹകരണ സംഘങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ നല്‍കിയെന്ന് വ്യാജ രേഖയുണ്ടാക്കിയും സാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്‍കറന്റ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാങ്ങാനം സഹകരണ സംഘത്തിന് 2012 13 വര്‍ഷം 16.55 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൊടുത്തിട്ടുണ്ടെന്നാണ് ഗോഡൗണ്‍ രേഖകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബാങ്കിന്റെ റജിസ്റ്ററില്‍ വെറും 11.38 ലക്ഷം രൂപയുടെ സാധനമേ നല്കിയിട്ടുള്ളു. ഇതിന്റെ മുഴുവന്‍ പണവും നല്‍കിയിട്ടുമുണ്ട്. ബാക്കിയുള്ള അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കരിഞ്ചന്തയില്‍ കടത്തിയെന്നാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: