ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് കവല മുതല്‍ ഷാപ്പുകവല വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ യഥാ സമയം ചെയ്തു തീര്‍ക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധം വ്യാപകം. റോഡാകെ പൊട്ടിപ്പൊളിഞ്ഞ് ഇരുചക്ര വാഹനക്കാരും സെക്കിള്‍ യാത്രക്കാരും അപകടത്തില്‍പെടുന്നത് നിത്യ സംഭവമായി.
ജനകീയാസൂത്രണ പദ്ധതിയും, എംപി ഫണ്ടും, സംസ്ഥാന വിഹിതവും ഉപയോഗിച്ച് കോടികള്‍ മുടക്കി ഇവിടെ മൂന്ന് പാലങ്ങളാണ് നിര്‍മ്മിച്ചത്. കോല്ത്താംതുരുത്ത്, ചാലിപ്പള്ളി, പാലത്തിങ്കല്‍ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാല്‍ ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ അധികൃതര്‍ക്ക് ഇതേവരെ സാധിച്ചില്ല. തണ്ണീര്‍മുക്കം പഞ്ചായത്തിലെ ആദ്യത്തെ റോഡാണ് ഇത്. അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാതെ ഈ റോഡിനെ അവഗണിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ പലഭാഗങ്ങളിലും തെരുവു വിളക്കുകള്‍ ഇല്ലാത്തത് അപകടം കൂട്ടുന്നു.
ഒരു പഞ്ചായത്ത് അംഗത്തിന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ ലഭിക്കുന്നത് മൂന്നു ലക്ഷം രൂപയാണ്. ഈ പണം കൊണ്ട് ഒരു റോഡിന്റെ അറ്റകുറ്റപ്പണിപോലും തീരാത്ത സ്ഥിതിയാണ്. മറ്റേതെങ്കിലും ഫണ്ടില്‍ തുക വകയിരുത്തി വര്‍ഷങ്ങളായി താറുമാറായിക്കിടക്കുന്ന റോഡിന്റെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: