തൃശ്ശൂര്‍: കാര്‍ഷിക സര്‍വ്വകലാശാലയിലെ സ്ത്രീപീഢനം സംബന്ധിച്ച അധ്യാപികയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട വനിതാ കമ്മീഷന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും പരാതി പൂഴ്ത്തിവെച്ച വകുപ്പ് മേധാവിയെയും വിസിയെയും പുറത്താക്കണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഉഷ അരവിന്ദ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
താത്പര്യത്തിന് വഴങ്ങാത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും നിശബ്ദരാക്കിയാണ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ പീഢനങ്ങള്‍ നടത്തുന്നത്. വൈസ് ചാന്സലറടക്കമുള്ളവര് ഇത്തരത്തില്‍ നടപടികള്‍ക്ക് മുതിരുമ്പോള്‍ പ്രതികരിക്കാന്‍ പോലുമാകാതെ സര്‍വ്വകലാശാലയിലെ സ്ത്രീ സമൂഹം ഒറ്റപ്പെടുകയാണ്.
മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോ സ്ത്രീസംഘടനകളോ പ്രതികരിക്കാത്തത് ആശങ്കയുളവാക്കുന്നു. അധ്യാപികയുടെ പരാതി ഒരുവര്‍ഷത്തോളം പൂഴ്ത്തിവെച്ച അന്നത്തെ വകുപ്പ് മേധാവിയും ഇന്നത്തെ രജിസ്ട്രാറുമായ ഡോ.പി.വി.ബാലചന്ദ്രനും പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച വൈസ് ചാന്‍സലര്‍ പി.രാജേന്ദ്രനും രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇവരെ പുറത്താക്കും വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: