ചെന്നെ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് സ്വദേശികളായ അഞ്ചു മത്സ്യത്തൊഴിലാളികളെ ഭാരതത്തിലെ ജയിലിലേക്ക് മാറ്റിയേക്കും. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇവരെ ഭാരതത്തില്‍ എത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെയുമായി ഞായറാഴ്ച ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് മത്സ്യത്തൊഴിലാളുകളുടെ ജയില്‍ മാറ്റം സംബന്ധിച്ച് തീരുമാനമുണ്ടായത്. ഈ മാസം നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയോട് അനുബന്ധിച്ച് മോദിയും രാജപക്സയും കൂടിക്കാഴ്ച നടത്തി വീണ്ടും വിഷയത്തെപ്പറ്റി ചര്‍ച്ച നടത്തും.
തമിഴ് മത്സ്യതൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില്‍ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളുണ്ടായിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
രാമേശ്വരത്തെ തങ്കച്ചിമഠം സ്വദേശികളായ അഗസ്റ്റിന്, വിത്സന്, പ്രസാദ്, എമേഴ്സന്‍, ലാങ്ലെറ്റ് എന്നിവരാണ് ലങ്കന്‍ ജയിലില്‍ കഴിയുന്നത്. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 2011 ലാണ് ശ്രീലങ്കന്‍ നാവികസേന മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തത്. കേസില്‍ കൊളംബോ ഹൈക്കോടതി കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഭാരതം മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: