ബെര്‍ലിന്‍: ബര്‍ലിന്‍ മതില് ചരിത്രമായിട്ട് ഇന്ന് കാല്‍നൂറ്റാണ്ട്. ബെര്‍ലിന്‍ മതിലിന്റെ ഓര്‍മ്മകള്‍ മനസില്‍ താലോലിക്കുന്ന ജര്‍മന്‍ ജനത ഈ ദിവസത്തെ വരവേല്‍ക്കുന്നത് പാട്ടും ആഘോഷവുമായിട്ടാണ്.
ദിവസങ്ങളോളം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളാണ് ഈ ദിവസങ്ങളില്‍ ജര്‍മ്മനിയില്‍ നടക്കുന്നത്. ബ്രാന്‍ഡന്‍ബെര്‍ഗ് ഗേറ്റില്‍ നടന്ന വമ്പന്‍ പാര്‍ട്ടിക്ക് ജര്‍മനിയുടെ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലാണ് നേതൃത്വം നല്‍കുന്നത്.
‘സ്വാതന്ത്ര്യത്തിനുള്ള ധൈര്യം’ എന്ന് പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മതില് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഏഴായിരം 7000 വെള്ള ബലൂണുകള്‍ കൊണ്ടുള്ള നിശ്ചലദൃശ്യവും ഒരുക്കിയിട്ടുണ്ട്.
1961 ആഗസ്റ്റ് ഒന്നിനാണ് ജര്‍മ്മനിയിലെ ഏറ്റവും വലിയ നഗരത്തെ രണ്ടായി പകുത്ത് 3.60 മീറ്റര്‍ ഉയരത്തിലും, 155 കിലോമീറ്റര്‍ ദുരത്തിലും ബര്‍ലിന്‍ മതില് ഉയരുന്നത്. കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്ന് ജനം കൂട്ടത്തോടെ അതിര്‍ത്തി കടക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം.
മതില് ചാടി കടന്നും പാലായനത്തിന് ശ്രമിച്ച നിരവധി പേരെ സൈന്യം വെടിവെച്ച് കൊന്നു. മതിലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നു.പിന്നീട് ജനരോഷത്തിന് മുന്നില്‍ പിടിച്ച് നില്ക്കാന് കഴിയാതെ കിഴക്കന്‍ ജര്മമനി സര്‍ക്കാര്‍ രാജി വെക്കുകയും പുതിയ സര്‍ക്കാര്‍ മതില് പൊളിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. 1989 നവംബര്‍ ഒന്‍പതിന് ജനങ്ങള്‍ മതില് തകര്‍ത്തു. 1990 ഒക്ടോബര്‍ മുന്നിന് ഇരു രാജ്യങ്ങളും ഒന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: