കുമരകം: കുമരകം പഞ്ചായത്ത് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ അവഗണിക്കുന്നതായി അക്ഷേപം. വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുമരകം നിവാസികള്‍ ഇന്നും പാലങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. ഇടത്തോടുകള്‍ ധാരാമുള്ള ഇവിടെ കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് നിരവധി പാലങ്ങളാണ്. ഉള്‍ഗ്രാമങ്ങളില്‍ തെങ്ങിന്പാലമാണ് ഉപയോഗിക്കുന്നത്. ഇവ ദ്രവിച്ച് കാലാന്തരത്തില്‍ അപകടനിലയിലാകും. ഇത്തരത്തില്‍ നാശോന്മുഖമായ നിരവധി പാലങ്ങള്‍ ജനപ്രതിനിധികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ചൂളഭാഗത്തെ രണ്ടു പാലങ്ങള്‍, കരിയില്‍ ഭാഗത്തെ പാലങ്ങള്‍, ജെട്ടി ഭാഗത്തെ പാലങ്ങള്‍ തുടങ്ങി നിരവധി പാലങ്ങള്‍ അപകടനിലയിലാണ്. പള്ളിച്ചിറയെയും ചൂളഭാഗത്തെയും ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ ദിവസം തകര്‍ന്നുവീണു. ഈപാലത്തിലൂടെ അപകടസമയത്ത് നടന്നുപോയ സ്ത്രീയടക്കം മൂന്നുപേര്‍ തോട്ടില്‍ വീണ് പരിക്കേറ്റിരുന്നു. പാലം നിര്‍മ്മിതിയുടെ പേരു പറഞ്ഞ് വന്‍ അഴിമതിയാണ് പഞ്ചായത്തില്‍ നടക്കുന്നത്. കല്ലുപൊക്കിക്കെട്ടി മുകളില്‍ സ്ലാബു പാകിയാണ് പാലം നിര്‍മ്മിതി. ആവശ്യത്തിന് കമ്പിയോ സിമന്റോ ഉപയോഗിക്കാത്തതുമൂലമാണ് ഇവ തകരുന്നത്. ദിവസേന നൂറുകണക്കിന് തദ്ദേശവാസികളും ടൂറിസ്റ്റുകളും സഞ്ചരിക്കുന്ന ജെട്ടിഭാഗത്തെ രണ്ടു പാലങ്ങളുടെ അവസ്ഥ ശോചനീയമാണ്. വിനോദസഞ്ചാരകളില് പലരും ഈ ഭാഗത്ത് തോട്ടില്‍ വീഴുന്നത് പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: