വാഷിംഗ്ടണ്‍: നിരജ് ആന്റണി എന്ന 23 കാരനായ ഇന്തോ-അമേരിക്കന്‍ വിദ്യാര്‍ഥി അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമനിര്‍മാതാവായി തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ചയാണ് ഇദ്ദേഹം ഓഹിയോ ഹൗസ് പ്രതിനിധിയായി ഓഹിയോയിലെ 42-ാം ജില്ലാ പ്രവിശ്യയില്‍ നിന്ന്് വിജയിച്ചത്.
ഡയറ്റോണ്‍ സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥിയായ നിരജ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 62 കാരനായ പാട്രിക് മോറിസിനെയാണ് പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍-മെയ് മാസത്തിലാണ് രാഷ്ട്രമീമാംസയില്‍ നിരജ് ഓഹിയോ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയത്. ജെയ് ഗോയലിന് ശേഷം ഓഹിയോ സഭയിലെത്തുന്ന രണ്ടാമത്തെ ഇന്തോ-അമേരിക്കന്‍ ആണ് നിരജ്.
നിരജിന്റെ മാതാപിതാക്കള്‍ 1987ലാണ് അമേരിക്കയിലെത്തി വാഷിംഗ്ടണില്‍ താമസമാരംഭിച്ചത്. പിന്നീട് അവര്‍ മിയാമിയിലേക്ക് മാറി. നിരജിന്റെ പിതാവ് ജൈമിനി 2010ലാണ് മരിച്ചത്.
പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ നിന്ന് വിജയിച്ച 18 കാരിയായ സൈറ ബ്ലെയര്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. 44 കാരനായ അറ്റോര്‍ണിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. വെസ്റ്റ് വെര്‍ജീനിയ സര്‍വകലാശയില്‍ നിന്ന് പുതുമുഖമായ ബ്ലെയര്‍ വിജയിച്ചത് 63 ശതമാനം വോട്ട് നേടിയാണ്.
അമേരിക്കയില്‍ ഏതാണ്ട് 7,300 പ്രവിശ്യാ നിയമനിര്മാതാക്കളുണ്ട്. അതില്‍ അഞ്ചു ശതമാനത്തില്‍ താഴെ പേര് 30 വയസ്സിന് താഴെയുള്ളവരാണെന്ന് നയവിശകലന വിദഗ്ധനായ മോര്ഗന് കുല്ലന് പറയുന്നു. ഈ സഭയിലെ ശരാശരി പ്രായം 57 ആണ്. എന്നാല്‍ അമേരിക്കന്‍ സെനറ്റിലെ ശരാശരി പ്രായമാകട്ടെ 62ഉം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: