കുമരകം: കുമരകത്തിന് തണലും നയനാനന്ദവും കുളിര്‍മയും നല്കി വ്യാപകമായി വളര്‍ന്നുപന്തലിച്ചു നില്ക്കുന്ന കാട്ടുവാകയും പൂവാകയും മഴമരവും വെട്ടിവീഴ്ത്തപ്പെടുമ്പോള്‍ നുറുങ്ങുന്നത് ഒരു വൃദ്ധഹൃദയം. പരിസ്ഥിതി സംഘടനകളും സര്‍ക്കാരും പ്രകൃതി സംരക്ഷണത്തിനായി ഒരു വശത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമ്പോള്‍ മറുവശത്ത് പഞ്ചായത്തധികൃതര്‍ വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കുകയാണ്. ടൂറിസ്റ്റുകളുമായി ഇവിടെയെത്തുന്നവരെ ഏറെ മോഹിപ്പിക്കുന്ന കാട്ടുവാകയും പൂവാകയും മഴമരവുമാണ് വെട്ടി നശിപ്പിക്കുന്നതിലേറെയും. സൃഷ്ടിയുടെ സമയത്ത് മനുഷ്യന് തണലേകാനും വാസസ്ഥാനമൊരുക്കാനും ദൈവം തന്ന വരദാനമാണ് വൃക്ഷങ്ങള്‍ എന്ന വെളിപാടിന്റെ സാരാംശമുള്ക്കൊണ്ട് കുമരകം കൈപ്പുഴമുട്ട് ഭാഗത്ത് താമസിക്കുന്ന അറയില്‍ കുഞ്ഞെന്ന വിളിപ്പേരിലറിയപ്പെടുന്ന ആന്റണിയാണ് വൈക്കം മുതല്‍ കുമരകം ചന്തക്കവലവരെയുള്ള ഭാഗത്തെ റോഡുകള്‍ക്കിരുവശവും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചത്. കൈപ്പുഴമുട്ടില്‍ നിന്നും ആലപ്പുഴ ചന്തയില്‍ കൊപ്രാക്കച്ചവടം നടത്തി വന്നിരുന്ന ആന്റണി യാത്രക്കിടയില്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം വൃക്ഷത്തൈകളും വിത്തും ശേഖരിച്ചു. കിട്ടിയവ ദിവസവും റോഡരികില്‍ വച്ചുപിടിപ്പിച്ചു. 1980കളില്‍ ശേഖരിച്ച തൈകളിലും വിത്തുകളിലും ഏറെയും തണല്‍ വാകയിനത്തിലെ കാട്ടുവാകയും റോസുനിറത്തില് പൂക്കള്‍ വിരിയിക്കുന്ന പൂവാകയും റെയിന്‍ട്രീ എന്നറിയപ്പെടുന്ന മഴമരവുമായിരുന്നു. അപൂര്‍വ്വമായ ദൗത്യവുമായി നീങ്ങിയ ആന്റണിയുടെ നിലപാടറിഞ്ഞ അന്നത്തെ ഡിഎഫ്ഒ ആയിരുന്ന വിജയകുമാറും മറ്റൊരു വനപാലക ജീവനക്കാരനായ മുഹമ്മദലിയും അദ്ദേഹത്തെ നേരില്‍ കാണുകയും ദൗത്യത്തിന് പിന്തുണ നല്‍കുകയും ചെയ്തു. അവരുടെ കൂടെ സഹായത്താല്‍ 1985ഓടെ അറയില്‍ കുഞ്ഞ് തന്റെ പ്രതിഫലേച്ഛ കൂടാതെയുള്ള കര്‍മ്മം പൂര്‍ത്തീകരിച്ചു. 72 വയസ് പിന്നിട്ട ആന്റണി പുതുതലമുറയോട് പറയുന്നത് ഇതാണ്. നിങ്ങളുടെ ജന്മനാളുകളില്‍ ഒരു വൃക്ഷത്തൈയെങ്കിലും നട്ട് പരിസ്ഥിതി സംരക്ഷിക്കൂ. അഞ്ചു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിലൂടെ 6,800 വൃക്ഷത്തൈകളാണ് വൈക്കം മുതല്‍ കുമരകം വരെ അദ്ദേഹം നട്ടു വളര്‍ത്തിയത്.
അന്നുവച്ച തൈകള്‍ ഇന്ന് കുമരകത്തിന് തണലും നയാനന്ദവും കുളിര്‍മയും നല്കുന്നു. അതില്‍ നിന്നും പരാഗണം വഴി കുമരകത്തിന്റെ മുക്കിലും മൂലയിലും വാകമരങ്ങള്‍ കിളിര്‍ത്തുപൊങ്ങി പൂത്തുലഞ്ഞു. ഈ മരങ്ങളുടെ ഭംഗി ടൂറിസ്റ്റുകളായെത്തുന്നവരിലും കൗതുകമുണര്‍ത്തുന്നു.
പരിസ്ഥിതി സംരക്ഷണം കൂടി ഏറ്റെടുത്ത് മനോഹാരിതയും തണലുമേകി നില്ക്കുന്ന വടവൃക്ഷങ്ങളാണ് ഇപ്പോള്‍ വെട്ടിവീഴ്ത്തപ്പെടുന്നത്. ഈ തടികള്‍ ആര്‍ക്കാണ് അധികൃതര്‍ വില്‍ക്കുന്നതെന്ന് നാട്ടുകാര്‍ക്കും അജ്ഞാതം. ഇതില്‍ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.
ഈ മരങ്ങള്‍ക്കുമേല്‍ വീഴുന്ന മഴുപ്പാടുകള് അറയില്‍ കുഞ്ഞിന്റെയും പരിസ്ഥിതി പ്രേമികളുടെയും ഹൃദയത്തിലാണ് ഏല്ക്കുന്നതെന്ന തിരിച്ചറിവ് അധികൃതര്ക്കുണ്ടാകണമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: