വാര്‍ഡുകളുടെ പ്രളയകാലത്ത് തികച്ചും വ്യതിരിക്തമായി ഒരവാര്‍ഡ്. നിസ്വാര്‍ത്ഥ സേവനത്തിലൂടെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി, അകാലത്തില്‍ പൊലിഞ്ഞുപോയ ലാലി ടീച്ചറുടെ പേരിലുള്ളതാണ് പുരസ്കാരം. അതു ലഭിക്കുന്നതാകട്ടെ അതിസാധാരണക്കാരിയായ ഒരു പാവം സ്ത്രീക്ക്. ജീവിത ദുരിതങ്ങള്‍ തുറിച്ചു നോക്കിനില്‍ക്കെ, പകയ്ക്കാതെ, പതറാതെ ‘ശുചിത്വബോധവും കൃത്യനിഷ്ഠയും സത്യസന്ധതയും’ മുദ്രയാക്കി പതിറ്റാണ്ടുകളായി ഗൃഹപരിചാരണവൃത്തി ചെയ്യുന്ന കമലത്തെ തേടിയാണ് അവാര്‍ഡ് എത്തിയത്. ലാലി സേവ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് പുരസ്കാരം വിതരണം ചെയ്യുന്നത്.
കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ കല്ലുത്താന്‍കടവ് കോളനിയിലാണ് കമലം താമസിക്കുന്നത്. 30 വര്‍ഷമായി സമീപത്തെ മൂന്നു വീടുകളില്‍ വീട്ടുജോലിയാണ് നിത്യവൃത്തി.സ്വന്തമായി വീടുപോലുമില്ലാത്ത നിര്‍ധന കുടുംബാംഗം. എല്ലാവര്ക്കും വീടെന്ന പദ്ധതി കമലത്തിന്റെ അയലത്തുകൂടി പോലും പോയിട്ടില്ല, അധികാരം താഴെത്തട്ടിലേക്ക് ഇറങ്ങിയിട്ടും ‘വിപ്ലവകാരികള്‍’ കോര്പ്പറേഷന് ഭരിച്ചിട്ടും. വൃത്തിയും കൃത്യതയും സത്യസന്ധതയും മുഖമുദ്രയാക്കിയ കമലം ഏതു പ്രതിസന്ധികള്‍ വന്നാലും തികച്ചും ആഹ്ലാദവതിയാണ്. രണ്ടു മക്കളുള്ള കമലത്തിന്റെ ഭര്‍ത്താവ് മരിച്ചു. എല്ലാ വീട്ടുകാര്‍ക്കും നല്ലതു മാത്രമേ കമലത്തെക്കുറിച്ച് പറയാനുള്ളൂ. വൃത്തി, കൃത്യത, സത്യസന്ധത… അതിന്റെയൊക്കെ ആള്‍രൂപം തന്നെയാണ് കമലമെന്ന് ഇവരുടെ സേവനം ലഭിക്കുന്ന വീട്ടുകാര്‍ പറയുന്നു.
147 അപേക്ഷകളില്‍ നിന്നാണ് ലാലി സേവ്യര്‍ ചാരിറ്റബില്‍ ട്രസ്റ്റ് അവാര്‍ഡിനായി കമലത്തെ തിരഞ്ഞെടുത്തത്.
നമ്മുടെ വീടുകള്‍ വൃത്തിയോടും വെടിപ്പോടും കൂടി നിലനിര്‍ത്താനും പ്രായാധിക്യം കൊണ്ടും രോഗം കൊണ്ടും അവശരായ നമ്മുടെ കുടുംബാംഗങ്ങളെ സസ്നേഹം ശുശ്രൂഷിക്കാനും സന്നദ്ധരായ ഗൃഹപരിചാരികമാര്. അവരുടെ വീടുകള്‍ എങ്ങനെ പുലര്‍ത്തുന്നു എന്ന് ആരും അന്വേഷിക്കാത്ത ഇക്കാലത്ത് അതിലേക്ക് സമൂഹത്തിന്റെ ശ്രദ്ധതിരിച്ചുവിടാനുള്ള എളിയ ശ്രമമാണ് ഈ പുരസ്കാരമെന്ന് ലാലി സേവ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ജന്മഭൂമി മാനേജിംഗ് എഡിറ്ററുമായ പി. ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: