എരുമേലി: ഇന്നലെ പകല്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന മഴ മലയോരമേഖലയെ വെള്ളത്തിലാഴ്ത്തി. ഉച്ചയോടെ പെയ്തു തുടങ്ങിയ മഴ മൂന്നുമണിവരെ നീണ്ടുനിന്നതാണ് വെള്ളപ്പൊക്കത്തിന് വഴിയൊരുക്കിയത്. ഉച്ചയ്ക്ക് ശേഷം മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്നതും ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. പാണപിലാവിനു സമീപം അടിമാലി മേഖലയിലെ വനത്തില്‍ നിന്നും ഉരുള്‍ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടിയത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കൃഷിസ്ഥലങ്ങളിലും നിരവധി വീടുകളിലും മഴവെള്ളം കയറിയത് ഭീതിപരത്തി.
മുക്കൂട്ടുതറ തോട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ സോമന് പൊട്ടത്താനത്ത്, മോഹനന് വയലില്‍, അശോകന് പേഴത്തുവയലില്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. വെള്ളമൊഴുക്കില്‍ മലയോര മേഖലയിലെ റോഡുകള്‍ ഭൂരിഭാഗവും തകര്‍ന്നതായും നാട്ടുകാര്‍ പറഞ്ഞു. റോഡുകളുടെ ഇരുവശവും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. ഇത് അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു.
പാണപിലാവ് അടിമാലി മേഖലയിലുണ്ടായ ഉരുള്പൊട്ടലിനെത്തുടര്ന് മുക്കൂട്ടുതറ- പാണപിലാവ് റോഡില്‍ ഗതാഗത തടസ്സവും ഉണ്ടായി. മണ്ണും മാലിന്യവും മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കുന്നതുവരെ മുക്കൂട്ടുതറ- ഇടകടത്തി റോഡ് വഴി ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: