മട്ടാഞ്ചേരി: അന്‍പത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള അഗ്നിശമന സേവന പരിശീലന കേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടി. പൈതൃക-ടൂറിസം കേന്ദ്രമായ ഫോര്‍ട്ടുകൊച്ചിയിലെ ഫയര്‍ ആന്റ് റെസ്ക്യു സ്റ്റേഷനാണ് തിങ്കളാഴ്ച രാവിലെ അധികൃതര്‍ അടച്ചുപൂട്ടിയത്. ഇവിടത്തെ നാല് ജീവനക്കാരെ മട്ടാഞ്ചേരിയിലേക്ക് മാറ്റി. ഇതോടെ പശ്ചിമകൊച്ചിയില്‍ അഗ്നിശമന-രാസപദാര്‍ത്ഥ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആശങ്കയുടെ നിഴലിലുമായി.
ഫോര്‍ട്ടുകൊച്ചിയില്‍ 1962 ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് അഗ്നിശമന കേന്ദ്രം. കൊച്ചിയിലെ അഗ്നിശമന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അഗ്നിശമന ഓഫീസര്‍മാരേയും ജീവനക്കാരേയും പരിശീലിപ്പാക്കാനുള്ള പരിശീലന കേന്ദ്രമായും ഫോര്‍ട്ടുകൊച്ചി സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നു. 2000 ത്തിനുശേഷം തൃശൂരില്‍ ആധുനികസംവിധാനങ്ങളോടെ അഗ്നിശമന പരിശീലന കേന്ദ്രം തുടങ്ങിയതോടെ ഘട്ടംഘട്ടമായി ഫോര്‍ട്ടുകൊച്ചി പരിശീലന കേന്ദ്രം ഇല്ലാതാകുകയും ചെയ്തു. എന്നാല്‍ രണ്ട് ജലസംഭരണ വാഹനങ്ങളുമായി പശ്ചിമകൊച്ചിയിലെ അഗ്നിശമന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഫോര്‍ട്ടുകൊച്ചി സ്റ്റേഷന് സജീവമായിരുന്നു. ഇതിനിടെ ഒരു വാഹനം മറ്റൊരിടത്തേക്ക് നീക്കിയതോടെ മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി ഫയര്‍ റെസ്ക്യൂ സ്റ്റേഷനുകള്‍ ഒരു വാഹനം മാത്രമായി സേവനസജ്ജരായി. 9000 ലിറ്റര്‍ ജലം സംഭരിച്ച് ശക്തമായി തീയണയ്ക്കാന്‍ കഴിയുന്നവിധം സൗകര്യവുമുണ്ടായിരുന്ന ജല സംഭരണ വാഹനമാണ് ഫോര്ട്ടുകൊച്ചിയിലുണ്ടായത്.
കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് ഇതും ഇവിടെ നിന്നും നീക്കം ചെയ്യാന്‍ ശ്രമം നടന്നു. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനത്തിന് മാറ്റമുണ്ടായി. ഇതിന്റെ പ്രതികാരമെന്നവണ്ണം അധികൃതര്‍ തുടര്‍വര്‍ഷങ്ങളില്‍ ഫോര്‍ട്ടുകൊച്ചിയിലെ ജലസംഭരണ വാഹന അറ്റകുറ്റ പണികള്‍ക്കായി തുക അനുവദിക്കാതായി. പ്രതിവര്‍ഷം 30000-35000 രൂപയാണ് വാഹന അറ്റകുറ്റ പണികള്‍ക്കായി ആവശ്യമുള്ളത്.
പണം ലഭിക്കാതായതോടെ വാഹനം ഘട്ടംഘട്ടമായി നാശോന്മുഖമായി തുടങ്ങി. കഴിഞ്ഞ വാരം ജലസംഭരണ വാഹനം കട്ടപ്പുറത്തായതോടെ അധികൃതര്‍ അഗ്നിശമന കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു. ഫോര്‍ട്ടുകൊച്ചി സ്റ്റേഷന് അടച്ചുപൂട്ടിയ വിവരം വളരെ തിരക്കിട്ട നടപടിയായാണ് അധികൃതര്‍ കൈക്കൊണ്ടത്. മുന്‍കാലങ്ങളിലെ ജനകീയ പ്രതിഷേധവും കോര്പ്പറേഷന് സ്റ്റേഷന് തുടരണമെന്ന് പ്രമേയം അവതരിപ്പിച്ചതും അധികൃതരുടെ കഴിഞ്ഞകാല തീരുമാനം മാറ്റാന്‍ ഇടയാക്കിയിരുന്നു. നിലവില്‍ 2000 ലിറ്റര്‍ ജലസംഭരണ ശേഷിയുള്ള ചെറിയ വാഹനവുമായാണ് മട്ടാഞ്ചേരി സ്റ്റേഷന് പ്രവര്‍ത്തിക്കുക. ഇത് പശ്ചിമകൊച്ചിയിലെ അഗ്നിശമന രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്കയുണര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: