പറവൂര്‍: അച്ചുകൂടങ്ങള്‍ അടച്ചുപൂട്ടുമെന്ന് ഭയപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്. അക്ഷരങ്ങളോടുള്ള മനുഷ്യന്റെ പ്രതിബദ്ധത നിലനില്‍ക്കുന്നിടത്തോളം പത്രങ്ങള്‍ മരിക്കില്ല. പത്രത്തിന് വയസ്സായോ? എന്ന ചോദ്യം ഉയര്‍ത്തി പറവൂര്‍ ലക്ഷ്മി കോളേജിലെ ദര്‍ശന സാഹിത്യസംഘം നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ലീലാമേനോന്.
ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തകളെ ക്യാപ്സ്യൂളുകളാക്കുകയാണ്. അതിനാല്‍ വാര്‍ത്തകളുടെ ജീവന് നിമിഷങ്ങളില്‍ ഇല്ലാതാവുന്നു. എന്നാല്‍ പത്രപ്രവര്‍ത്തനം കണ്ടും കേട്ടും തൊട്ടറിഞ്ഞും സത്യം തിരിച്ചറിയുന്ന ബോധ്യത്തിന്റേതാണ്. ജനങ്ങള്‍ അതിനെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന ഇന്ന് പ്രതിരോധത്തിന്റെ ആത്മധൈര്യം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ദൃശ്യമാധ്യമങ്ങളില്‍ വരുന്ന സീരിയലുകള്‍ക്ക് ആസക്തി സൃഷ്ടിക്കാന്‍ കഴിവുണ്ട്. അതിനാല്‍ സ്ത്രീകള്‍ അതിന് അടിമപ്പെട്ടുപോകുന്നു. ഇത് കുടുംബ ബന്ധങ്ങളിലെ മൂല്യബോധത്തെ നഷ്ടപ്പെടുത്തുന്നു.
പത്രപ്രവര്‍ത്തനം ബുദ്ധിയെയും, അറിവിനേയും വികസിപ്പിക്കുന്നതാണ്. എന്‍.എം.പീയേഴ്സണ്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഒ.സുബിന്, സനിതലെസില്, ശ്രീജ ബ്രിജേഷ്, ധനുഷ്, കെ.എം.വിവേക്, ടി.എസ്. അതുല്‍, ഹിഷാംഹുസൈന്, ആതുലിന് ഡിസൂസ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: