ലണ്ടന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ സ്കൂളുകള്‍ പുനര്‍നിര്‍മിക്കാനായി തനിക്ക് ലഭിക്കുന്ന നൊബേല്‍ സമ്മാന തുകയില്‍ നിന്ന് ഒരു വിഹിതം വിനിയോഗിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്സായി.
നൊബേല്‍ പുരസ്കാരത്തുകയില്‍ 50,000 ഡോര്‍ ഇതിനായി വിനിയോഗിക്കുമെന്നാണ് മലാല വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റോക്ഹോമില് അന്താരാഷ്ട്ര കുട്ടികളുടെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് മലാല ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ പുരസ്കാരവും നൊബേല്‍ സമ്മാനവും ഒരേവര്‍ഷം ലഭിക്കുന്ന ആദ്യ വ്യക്തികൂടിയാണ് മലാല.
യു.എന്‍ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയിലൂടെ പണം കൈമാറുമെന്നും 65 സ്കൂളുകളുടെ പുനരുദ്ധാരണമാണ് ലക്ഷ്യമെന്നും മലാല പറഞ്ഞു. സുരക്ഷിതമായ അന്തരീക്ഷത്തില്‍ മികച്ച വിദ്യാഭ്യാസം പാലസ്തീനിലെ കുട്ടികള്‍ക്ക് ഉറപ്പാക്കാന്‍ നമ്മള് പ്രതിജ്ഞാബദ്ധമാണെന്നും മലാല ഓര്‍മ്മിപ്പിച്ചു.
ഇസ്രയേല്‍ പലസ്തീന് സംഘര്‍ഷത്തില്‍ ഗാസയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കുട്ടികളടക്കം നിരവധി പേര് കൊല്ലപ്പെടുകയും വീടുകളും സ്കൂളുകളുമടക്കം ഗാസനഗരത്തിലെ കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു.
പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി നടത്തിയ പോരാട്ടമാണ് മലാലയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: