അന്താരാഷ്ട്ര ബഹിരാകാശ നിലയം
വെര്‍ജീനിയ: വിക്ഷേപിച്ചയുടന്‍ അമേരിക്കന്‍ റോക്കറ്റ് പൊട്ടിത്തെറിച്ചു. ശൂന്യാകാശത്തില്‍ ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ ചരക്കുകള്‍ എത്തിക്കാനുള്ള കരാര്‍, യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ, സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചതിനു ശേഷമുള്ള ആദ്യ അപകടമാണിത്. റോക്കറ്റും അതിലുണ്ടായിരുന്ന സിഗ്നസ എന്ന ബഹിരാകാശ പേടകവും ചെറു ഉപഗ്രഹവും കത്തി നശിച്ചിട്ടുണ്ട്.
പതിനാലു നിലയുള്ള അന്റ്റേഴ്സ് റോക്കറ്റാണ് വെര്‍ജീനിയയിലെ വിക്ഷേപണത്തറയില്‍ നിന്ന് പൊങ്ങി സെക്കണ്ടുകള്‍ക്കുള്ളില്‍ കത്തിനശിച്ചത്. ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പ്പറേഷനാണ് റോക്കറ്റ് നിര്‍മ്മിച്ച് വിക്ഷേപിച്ചത്. യുഎസ് സമയം ചൊവ്വാഴ്ച രാത്രി 6.22നായിരുന്നു അപകടം. ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള ചരക്കു നിറച്ച സിഗ്നസ് ബഹിരാകാശ പേടകവുമായി കുതിച്ചുപൊങ്ങിയ റോക്കറ്റ് പൊട്ടിത്തെറിച്ച് കത്തി തീഗോളമായി ഭൂമിയില്‍ തന്നെ പതിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
നാസയുടെ രണ്ടും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഒന്നും റഷ്യയുടെ മൂന്നും പേരാണ് ബഹിരാകാശ കേന്ദ്രത്തിലുള്ളത്. ഉടന്‍ തന്നെ റഷ്യന്‍ റോക്കറ്റ് സാധനങ്ങളുമായി പോകുന്നുണ്ട് എന്നതിനാല്‍ അവിടെയുള്ളവര്‍ക്ക് ഭക്ഷണമടക്കം ഒന്നിനും ദൗര്‍ലഭ്യം അനുഭവിക്കില്ല. റോക്കറ്റ് തകരാനുള്ള കാരണം അറിവായിട്ടില്ല. ഇതിനു മുന്‍പ് നാലു തവണയും വിജയകരമായി വിക്ഷേപിച്ചിട്ടുള്ളവയാണ് അന്റ്റേഴ്സ് റോക്കറ്റ്. റോക്കറ്റ് പൊങ്ങിയയുടന് തീജ്വാലകള്‍ ഉയര്‍ന്ന് റോക്കറ്റിനെ സമ്പൂര്‍ണ്ണമായി പൊതിയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സിഗ്നസ് എന്ന ശൂന്യാകാശ പേടകമാണ്, റോക്കറ്റ് കത്തി വേര്‍പെട്ട ശേഷം സഞ്ചരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നത്. റഷ്യയുടെ സോയൂസ് റോക്കറ്റിലാണ് പ്രോഗ്രസ് എന്ന പേടകം അയക്കുന്നത്. ഇത് ബുധനാഴ്ച ബൈക്കനൂരിലെ കോസ്മോഡ്രോമില്‍ നിന്ന് ചരക്കുകളുമായി കുതിച്ചുയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: