തൊടുപുഴ : അര ടണ്‍
റബ്ബര്‍ ഷീറ്റ് മോഷ്ടിച്ച കേസില്‍ പാലായിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആയി സജിയുടെ കൂട്ടാളി അറസ്റ്റില്‍. പാലാ കിഴതടിയൂര്‍ കിണറ്റുകരയില്‍ ജീവനെയാണ് തൊടുപുഴ സി.ഐ ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ പിടികൂടിയത്. 2012-ല്‍ കുണിഞ്ഞിയിലെ ഒരു വീട്ടില്‍ നിന്നും 466 കിലോ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ച കേസിലെ കൂട്ടുപ്രതിയാണ് ജീവന്. ഈ കേസില്‍ രണ്ട് പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. രണ്ട് വര്‍ഷമായി ജീവന് ഒളിവിലായിരുന്നു. കേസില്‍ അഞ്ച് പ്രതികളാണ് ആകെയുള്ളത്. ഇതില്‍ മൂന്ന് പേരെ പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ജീവനെതിരെ കേസുണ്ടെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. ആയി സജി, ചിരട്ടപ്പൂള്‍ സജി എന്നിവരുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു പ്രതി.
ഇന്ന് കോടതിയില്‍ ഹാജരാക്കും. സി.ഐക്കൊപ്പം എസ്.ഐ രാജന്.എസ്, എ.എസ്.ഐ ബെന്നി, പോലീസുകാരായ സാജന്, ബിജു എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: