കൊച്ചി: എല്‍എന്‍ജി ടെര്‍മിനല്‍ കേരളത്തിനു പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടു കൊച്ചിയില്‍ വിപുലമായ സംഗമം സംഘടിപ്പിക്കുന്നു. മിഷന് എല്‍എന്‍ജി മെഗാ അസംബ്ലി എന്നു പേരിട്ടിരിക്കുന്ന സംഗമം കേരളത്തിനു സംഭവിച്ച കുറ്റകരമായ അനാസ്ഥകള്‍ വിലയിരുത്താനും തുറന്ന ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കണ്ടെത്താനുമാണു ലക്ഷ്യമിടുന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നവംമ്പര്‍ 10ന് വൈകിട്ടു മൂന്നിനാണു പരിപാടി. എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള വാതകം ഉപയോഗപ്പെടുത്താനുള്ള വിപുലമായ പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കാനുള്ള തടസങ്ങള്‍ നീക്കാനുള്ള വഴികള്‍ സമ്മേളനം ആരായും.
കേരള ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ട്രേഡ് യൂണിയന് സംയുക്ത സമിതി, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവര്‍ സംയുക്തമായാണു മിഷന് എല്‍എന്‍ജി മെഗാ അസംബ്ലി സംഘടിപ്പിക്കുന്നത്.
കായംകുളം താപനിലയം, ഫാക്റ്റ്, ബിഎസ്ഇഎസ് സംരംഭങ്ങള്‍, ഹോട്ടലുകള്‍, വീടുകള്‍, ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് അടക്കം ഉടനടി പ്രയോജനം ലഭിക്കുന്ന എല്‍എന്‍ജി ടെര്‍മിനല്‍ കേരളത്തിനു വേണ്ട എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നു മിഷന് എല്‍എന്‍ജി ജനറല്‍ കണ്‍വീനറായ മുന്‍ എംപി: കെ. ചന്ദ്രന് പിള്ള, ചേംബര്‍ ചെയര്മാന് മാത്യു കുരുവിത്തടം, മുന്‍ ചെയര്മാന് കെ.എന്‍. മര്‍സൂക്ക്, മിഷന് എല്‍എന്‍ജി ചെയര്മാന് ഡോ. എം.പി. സുകുമാരന്‍ നായര്‍, എഐടിയുസി നേതാവ് അഡ്വ. ടി.ബി. മിനി എന്നിവര്‍ പറഞ്ഞു.
രാജ്യത്തു 40,000 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. കൊച്ചി നഗരത്തില്‍ പൈപ്പ് സ്ഥാപിച്ചു. അതേവരെ ഒരു സുരക്ഷാ പ്രശ്നവും ഉണ്ടായിട്ടില്ല. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്കു ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തിക്കഴിഞ്ഞു. ദേശീയ പാചകവാതക ഗ്രിഡുമായി കേരളത്തെ ബന്ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ സംസ്ഥാനത്തിനു വലിയ നഷ്ടമുണ്ടാക്കും. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍ക്കാരും ഒന്നിച്ചു നിന്നു ജനങ്ങളെ ബോധവത്കരിച്ചു പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കണമെന്ന് മിഷന് എല്‍എന്‍ജി സംഘാടകര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷേനേതാവ് വി.എസ്. അച്യുതാനന്ദന്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ട്രേഡ് യൂണിയന് നേതാക്കള്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, വ്യവസായ സ്ഥാപനപ്രതിനിധികള്‍ എന്നിവരടക്കം വലിയൊരു നിര തന്നെ അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: