പാലാ: മേവട വാക്കപ്പുലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം. തിരുവാഭരണവും പണവും മോഷണം പോയി. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ക്ഷേത്രവാതില്‍ തുറന്നുകിടക്കുന്നത് ക്ഷേത്രം ഭരണസമിതി സെക്രട്ടറി രാഘവന്‍നായരാണ് ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിഐ കെ.പി. ജോസ്, എസ്ഐ കെ.പി. ടോംസണ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്ഷേത്രം ഓഫീസിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണവും ഒമ്പതിനായിരത്തോളം രൂപയും മോഷണംപോയ വിവരമറിയുന്നത്. ടെമ്പിള്‍ സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഭക്തജനങ്ങളും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ട്രസ്റ്റിന്റെ ഭരണച്ചുമതലയിലുള്ളതാണ് ക്ഷേത്രം. ക്ഷേത്രനവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: