കായംകുളം: വനിത ഓട്ടോ ഡ്രൈവര്‍ ഓള് റൗണ്ടറായി ജില്ല വനിതാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന് നേടി. വലിയഴിക്കല്‍ തറയില്‍ കടവ് മത്സ്യ തൊഴിലാളിയായ സി. ചന്ദ്രബാബുവിന്റെയും കെ. രത്നമ്മയുടെയും മകള്‍ മായാ ചന്ദ്രബാബു (27)വാണ് ജില്ല സീനിയര്‍ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വലിയഴിക്കല്‍ ജിഎച്ച്എസ് സ്കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റിനോട് കമ്പം തോന്നിയ മായക്ക് ജീവിത സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പത്താംക്ലാസ് കഴിഞ്ഞതോടെ തുടര്‍ വിദ്യാഭ്യാസം തടസമായി. അച്ഛന്റെ വരുമാനം കൊണ്ട് മാത്രം വീട്ടു ചെലവ് നടക്കാതായപ്പോള്‍ വലിയഴിക്കല്‍ തറയില്‍ കടവ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായി.
ക്രിക്കറ്റിനോടുള്ള ഭ്രമം കാരണം പ്രദേശത്തെ ക്ലബ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. ഇതിനിടയിലാണ് ചെങ്ങന്നൂരുള്ള ന്യൂ കിഡ്സ് അക്കാദമിയില്‍ പ്രവേശനം ലഭിച്ചത്. പരിശീലനത്തിനുള്ള ബാറ്റ് വാങ്ങാന്‍ സാമ്പത്തികം തടസമായപ്പോള്‍ തറയില്‍ കടവിലെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് മായയ്ക്കുള്ള ബാറ്റ് വാങ്ങിനല്‍കിയാണ് ക്യാമ്പിലേക്ക് അയച്ചത്. പരിശീലനത്തില്‍ മികവ് കാട്ടിയ മായയെ പരിശീലകന്റെ സഹായത്താല്‍ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിജില്ലാ ടീമിലേക്ക് പ്രവേശനം ലഭിച്ചു. അവിടെ ക്രിക്കറ്റ് പരിശീലനത്തോടൊപ്പം ഒരു ഹാര്‍ബറില്‍ സൂപ്പര്‍വൈസറായി ജോലിയും ലഭിച്ചു. കാലാവസ്ഥാ വ്യതിയാനം ശരീരത്തിന് ഉള്‍ക്കൊള്ളാതെ വന്നപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങി. മായയുടെ നിസഹായ അവസ്ഥ മനസിലാക്കി പരിശീലകന് സന്തോഷ് സുഹൃത്തായ പ്രദീപിനോട് വിഷയം അവതരിപ്പിക്കുകയും കായംകുളത്ത് റോട്ടറിക്ലബിലെ നെറ്റില്‍ പരിശീലനം നടത്താന്‍ അവസരം ഒരുക്കുകയും ചെയ്തു.
എന്നാല്‍ ഈ കായികതാരത്തെ പ്രോത്സാഹിപ്പിക്കുവാനോ സഹായിക്കുവാനോ ആറാട്ടുപ്പുഴ പഞ്ചായത്തോ, മതുകുളം ബ്ലോക്ക് പഞ്ചായത്തോ ഇതുവരെ ശ്രമിച്ചിട്ടില്ലന്നാക്ഷേപം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമുണ്ട്. പരിശീലനത്തിന് പോകുവാനും മറ്റുള്ള സഹായത്തിനും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും ശ്യാം വലിയഴിക്കലുമാണ് സഹായിക്കുന്നതെന്ന് മായ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: