മാവേലിക്കര: നന്മയുടെ വെളിച്ചം പകരുന്ന ദീപാവലിയെ വരവേല്ക്കുവാന് പടക്കവിപണി ഉണര്‍ന്നു. വ്യാപാര കേന്ദ്രങ്ങളോടൊപ്പം പാതയോരങ്ങളില്‍ താത്ക്കാലിക പടക്ക വിപണന കേന്ദ്രങ്ങള്‍ നിറഞ്ഞു. ദിപാവലിനാളുകളില് പ്രധാനമായും വില്‍പ്പന നടക്കുന്നത് പൂത്തിരി, കമ്പിത്തിരി, മത്താപ്പൂ, ചെറിയ പടക്കം എന്നിവയാണ്. ദീപാവലി ആഘോഷിക്കാന്‍ പടക്കം വാങ്ങുന്നവരുടെ തിരക്കാണ് കടകളില്‍. ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് പടക്കത്തിന്റെ വില ഉയര്‍ത്തുന്നതായി ആക്ഷേപമുണ്ട്. താത്കാലിക കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ചില പടക്കങ്ങള്‍ പഴക്കമുള്ളവയായതിനാല്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും ചിലര്‍ പരാതിപ്പെടുന്നു. എന്നാല്‍ ഇത്തരം ആക്ഷേപങ്ങള്‍ വില്‍പ്പനക്കാര്‍ നിഷേധിക്കുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ശേഖരിച്ച പടക്കങ്ങളാണെന്നും പഴക്കമില്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇപ്പോഴത്തെ കാലാവസ്ഥയില്‍ സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതിനാലാണ് ഉപയോഗിക്കാന്‍ സാധിക്കാത്തതെന്നും ഇവര്‍ പറയുന്നു. വഴിയോരങ്ങളില്‍ പടക്ക വിപണന കേന്ദ്രങ്ങള്‍ തുറന്നത് സ്ഥിരവ്യാപാരികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ കൂടുതലും താത്കാലിക കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിനാല്‍ വില്‍പ്പന കുറയുന്നതായി വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: