പാലാ: ശബരി റയില്‍പ്പാത അട്ടിമറിച്ചത് ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഇംഗിതത്തിന് വഴങ്ങിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഇതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി കെ.എം മാണിയുടെയും പിന്തുണയുണ്ടെന്നും തികഞ്ഞ വര്‍ഗ്ഗീയ കണ്ണോടെയാണ് ഇത് നടപ്പാക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പാലാ നിയോജകമണ്ഡലം സംഘടിപ്പിച്ച ജനമുന്നേറ്റ സദസ്സില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് സിപിഎമ്മാണ്. തെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താനില്ലാത്ത അവസ്ഥയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധഃപതിച്ചു. ബിജെപിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാനാണവര് കൊലപാതകങ്ങള്‍ നടത്തുന്നത്. ശ്രീകൃഷ്ണജയന്തിയെയും ഗണേശോത്സവത്തെയും പരിഹസിച്ചിരുന്നവര്‍ ഇപ്പോള്‍ പാര്‍ട്ടിപരിപാടിയായി അവ ഏറ്റെടുത്തിരിക്കുന്നതായി സുരേന്ദ്രന് പരിഹസിച്ചു.
ബിജെപിക്കെതിരെയുള്ള അപവാദപ്രചരണങ്ങള്ക്കുള്ള ചുട്ടമറുപടിയാണ് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ വിജയം. ചടങ്ങില്‍ പാലാ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എന്‍ മോഹനന് അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാനസമിതിയംഗം പ്രൊഫ. ബി.വിജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സന്തോഷ്കുമാര്‍, വൈസ് പ്രസിഡന്റ് എന്‍.കെ ശശികുമാര്‍, സംസ്ഥാന സമിതിയംഗം പി.പി നിര്‍മ്മലന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. രഞ്ജിത്ത്, കെ.ജി ഗിരീഷ്കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് വല്‍സല ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ലിജിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമാ നിര്‍മ്മാണത്തിനായുള്ള വിഭവശേഖരണം സുരേന്ദ്രന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: