ആലപ്പുഴ: നഗരത്തിലെ റോഡുകളും നടപ്പാതകളും കൈയേറി കച്ചവടം നടത്തുന്നവരെ സംരക്ഷിക്കാന്‍ എഐടിയുസി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് റോഡ് കൈയേറ്റം വ്യാപകമായുള്ള മുല്ലയ്ക്കല്, ജില്ലാക്കോടതി പരിസരം എന്നിവിടങ്ങളില്‍ ഒഴിപ്പിക്കല്‍ നടപ്പാക്കാനായില്ല. ഇതേത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ ചടങ്ങ് മാത്രമായി മാറി. ഇന്നലെ മുതല്‍ റോഡ് കൈയേറ്റം ഒഴിപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. റോഡ് ഗതാഗതം തടസപ്പെടുത്തി പലസ്ഥലങ്ങളിലായി നിക്ഷേപിച്ചിരിക്കുന്ന സാധനങ്ങള്‍ മാത്രമാണ് നീക്കം ചെയ്യാന്‍ കഴിഞ്ഞത്. റവന്യൂ, പൊതുമരാമത്ത്, പോലീസ് വകുപ്പുകളും നഗരസഭയും ചേര്‍ന്നാണ് കൈയേറ്റമൊഴിപ്പിക്കാന്‍ രംഗത്തെത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഒഴിപ്പിക്കല്‍ പരിപാടിയില്‍ റോഡില്‍ നിക്ഷേപിച്ചിരിക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്തു.
മുല്ലയ്ക്കല്, ജില്ലാക്കോടതി പരിസരം എന്നിവിടങ്ങളില്‍ റോഡും നടപ്പാതകളും കൈയേറിയ കച്ചവടക്കാര്‍ എഐടിയുസിയുടെ കൊടി തട്ടുകളിലും മറ്റും കെട്ടിയതില്‍ അധികൃതര്‍ക്ക് കൈയേറ്റം ഒഴിപ്പിക്കാനായില്ല. നഗരസഭാ സെക്രട്ടറിയുമായും ചെയര്‍പേഴ്സണുമായും ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥര്‍ യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷം ഘട്ടം ഘട്ടമായി ഒഴിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം.
നഗരം ഭരിക്കുന്ന സിപിഐയുടെ സംഘടന തന്നെ കൈയേറ്റക്കാരെ സംരക്ഷിക്കുകയും നിയമത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നത് വിവാദമായിരിക്കുകയാണ്. റോഡ് കൈയേറ്റങ്ങള്‍ മൂലം യാത്രാക്ലേശവും റോഡ് അപകടങ്ങളും പതിവായിരിക്കുകയാണ്. റോഡ് കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ എഐടിയുസി രംഗത്ത് വന്ന സാഹചര്യത്തില്‍ നഗരത്തിലെ റോഡുകള്‍ യാത്രക്കാര്ക്കുള്ളതല്ല, കച്ചവടക്കാര്ക്കുള്ളതാണെന്ന സ്ഥിതി വിശേഷമാണുണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: