ചാരുംമൂട്: ആനയടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രവീന്ദ്രാ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി നടത്തിയ അദാലത്തില്‍ ലഭിച്ചത് 300 പരാതികള്‍. പാലമേല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് പാലമേല്‍, നൂറനാട്, ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കായി അദാലത്ത് നടത്തിയത്.
രവിന്ദ്രാ ഏജന്‍സി പ്രതിനിധികള്‍ മുന്‍പ് നടന്ന ആദാലത്തുകളില്‍ പങ്കെടുക്കാത്തതിനെതിരെ യോഗം ഉദ്ഘാടനം ചെയ്ത ആര്. രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു. കൊല്ലം ജില്ലയിലെ ആനയടിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് എന്ന പേരില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ വിളിക്കുന്ന യോഗത്തില്‍ പോലും ഇവര്‍ പങ്കെടുക്കാറില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
ബുക്ക് ചെയ്താല്‍ യഥാസമയത്ത് ഗ്യാസ് ലഭിക്കുന്നില്ല, സിലിണ്ടര്‍ വീടുകളില്‍ എത്തിക്കാതെ റോഡില്‍ ഇറക്കിയിട്ട് പോകുന്നു, അമിത വില ഈടാക്കുന്നു, രസീത് നല്‍കുന്നില്ല, ഫോണ്‍ ചെയ്യുന്നവരോടും ഓഫീസില്‍ നേരിട്ട് എത്തുന്നവരോടും മോശമായി പെരുമാറുന്നു, വിതരണക്കാര്‍ മോശമായി ഇടപെടുന്നു, തുടങ്ങിയ പരാതികളാണ് കൂടുതലായും ലഭിച്ചത്. ഗോഡൗണ്‍ ചുനക്കരയിലും ഓഫീസ് ആനയടിയിലുമാണ്. അതിനാല്‍ ഓഫീസില്‍ നിന്നുള്ള വാഹന വാടകയാണ് സിലിണ്ടര്‍ വിതരണത്തില്‍ ഈടാക്കുന്നത്. അതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അമിത വാഹന വാടകയാണെന്നുള്ള പരാതിയാണ് ഏറ്റവും അധികം ഉയര്‍ന്നത്.
25,000ത്തോളം കണക്ഷനുകള്‍ ഉള്ള ഏജന്‍സിക്ക് ഓയില്‍ കമ്പനിയില്‍ നിന്നും പ്രതിമാസം 5000 സിലിണ്ടറാണ് ലഭിക്കുന്നത്. ഇതാണ് വിതരണത്തില്‍ നേരിടുന്ന ബുദ്ധിമുട്ടെന്നാണ് ഗ്യാസ് ഏജന്‍സി അധികൃതരുടെ വിശദീകരണം. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സെയില്‍സ് ഓഫീസര്‍ ധനരാജ് ആദാലത്തില്‍ പങ്കെടുത്തിരുന്നു. പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം യോഗത്തില്‍ അറിയിച്ചു. പരാതികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ഇവ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു.
ഇനിമുതല്‍ സിലിണ്ടര്‍ വിതരണത്തിന്റെ ദൂരപരിധി ഗ്യാസ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന ചാരുംമൂട് കേന്ദ്രീകരിച്ച് നിശ്ചയിക്കും, വിതരണക്കാര്‍ യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണം, ആഴ്ചയില്‍ രണ്ടു ദിവസം എല്ലാ സ്ഥലത്തും വിതരണം നടത്തണം, വീടുകളില്‍ സിലിണ്ടര്‍ എത്തിക്കണം, കൃത്യമായി ബില്ല് നല്‍കണം, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഏജന്‍സി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, ഏജന്‍സിയില്‍ ഫോണ്‍ എടുക്കാന്‍ ആളിനെ നിയോഗിക്കണം എന്നീ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഏജന്‍സിക്ക് യോഗം നിര്‍ദ്ദേശം നല്കി. ഗുണഭോക്താക്കളുടെ എണ്ണത്തിന് അനുസരിച്ച് ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യാനും ചാരുംമൂട് കേന്ദ്രീകരിച്ച് പുതിയ ഏജന്‍സി തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. പാലമേല്‍, ചുനക്കര പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബിജു, ബി. ബിനു, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.രഘുനാഥകുമാര്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: