ചേര്‍ത്തല: 2008ല്‍ അടച്ചുപൂട്ടിയ പാതിരപ്പള്ളി എക്‌സല്‍ ഗ്ലാസ് കമ്പനി തുറന്ന് പ്രവര്‍ത്തിക്കാനും, തൊഴിലാളികളുടെ ന്യായമായ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുവാനും അടിയന്തരമായി സര്‍ക്കാരും, തൊഴില്‍ വകുപ്പും ഇടപെടണമെന്ന് എക്‌സല്‍ ഗ്ലാസ് വര്‍ക്കിങ് എംപ്ലോയീസ് അസോസിയേഷന്‍ (ബിഎംഎസ്) ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നതില്‍ തൊഴില്‍ വകുപ്പും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും യാതൊരു നടപടിയും കൈക്കൊണ്ടില്ല. കെഎഫ്‌സിയും, കെഎസ്‌ഐഡിയും ലോണ്‍ അനുവദിച്ചതിനു ശേഷം കമ്പനി 2011ല്‍ തുറന്ന് ഒരു വര്‍ഷത്തിനു ശേഷം 2012 ഡിസംബറില്‍ വീണ്ടും അടച്ചുപൂട്ടുകയും ചെയ്തു. സിലിക്കാമണല്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ പൂട്ടിയ കമ്പനി പീഡിത വ്യവസായത്തിലേക്ക് മാറ്റുന്നതിന് ബിഐഎഫ്ആര്‍ കോടതിയില്‍ അപേക്ഷ നല്‍കുകയും കേസ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയുമാണ്.
കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട ചില ഉദ്യോഗസ്ഥന്‍മാരും അവരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ചില യൂണിയനുകളും ചേര്‍ന്ന് തികച്ചും രാഷ്‌ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നത് അനന്തമായി നീളുകയാണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ എക്‌സല്‍ ഗ്ലാസ് ഫാക്ടറി പീഡിത വ്യവസായത്തില്‍ ഉള്‍പ്പെടുത്തുവാന്‍ മാനേജ്‌മെന്റ് ചില യൂണിയനുകളെ സ്വാധീനിക്കുന്നു എന്ന വാര്‍ത്ത.
ബിഎംഎസ് രാഷ്‌ട്രീയ താത്പര്യത്തെക്കാളും രാജ്യ താത്പര്യവും, തൊഴില്‍ താത്പര്യവും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. കപട രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന യൂണിയനുകളെയും ഉദ്യോഗസ്ഥന്‍മാരെയും തൊഴിലാളികള്‍ ഒന്നടങ്കം ഒറ്റപ്പെടുത്തണമെന്നും കമ്പനി തുറക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. കമ്പനി അടച്ചുപൂട്ടിയതിനെതിരെ സ്ഥലം എംപിയും, എംഎല്‍എയും ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യൂണിയന്‍ ഭാരവാഹികളായ അഡ്വ.കെ. ശ്രീകുമാര്‍, എം.എസ്. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: