ആലപ്പുഴ: നഗരസഭയിലെ വലിയകുളം വാര്‍ഡില്‍ നിലനിന്നിരുന്ന നിരോധനാജ്ഞ വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ച് ജില്ലാ മജിസ്ട്രേറ്റായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉത്തരവിട്ടു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്ററെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സിഡിഎസ് പ്രവര്‍ത്തകര്‍ നടത്തുന്ന സമരം നേരിടുന്നതിന് വിവിധ കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ ധര്‍ണകളും മാര്‍ച്ചും നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണു നടപടി. ഇതുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രീയസംഘടനകളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്ഷമുണ്ടാകാനിടയുണ്ടെന്നും പ്രദേശത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ലെന്നുമുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിച്ച് ഉത്തരവായത്. 1973ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ സെക്ഷന്‍ 144 (1), (2) എന്നിവ അനുസരിച്ചുള്ള നിരോധനസമയത്ത് അതിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ സമരങ്ങളും പ്രകടനങ്ങളും ജാഥകളും ധര്‍ണകളും പൊതുയോഗങ്ങളും നടത്താന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: