ചേര്‍ത്തല: സംസ്ഥാനത്തെ പ്രമുഖ മദ്യ ഉത്പ്പാദന ശാലകളിലൊന്നായ മാക്ഡവല്‍ കമ്പനി അടച്ചുപൂട്ടലിലേക്ക്. കമ്പനി ലേ ഓഫ് ചെയ്യുവാനുള്ള മാനേജ്‌മെന്റ് തീരുമാനം 500 ഓളം കുടുംബങ്ങളെ പട്ടിണിയിലാഴ്‌ത്തും. തണ്ണീര്‍മുക്കം പഞ്ചായത്തിന്റെയും ചേര്‍ത്തല താലൂക്കിന്റെയും വികസനത്തിന് വഴിയൊരുക്കിയ സ്ഥാപനം ഇന്ന് മാനേജ്‌മെന്റിന്റെ അനാസ്ഥയും, താത്പര്യക്കുറവും മൂലം അവഗണനയുടെ വക്കിലാണ്. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് വേമ്പനാട് കായലിന്റെ തീരത്ത് 1958ലാണ് കമ്പനി നിലവില്‍ വന്നത്. 14.5 ഏക്കറോളം വരുന്ന സ്ഥലം 99 വര്‍ഷത്തെ പാട്ടത്തിന് സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്താണ് ഇവിടെ വിദേശ നിര്‍മ്മിത മദ്യം ഉത്പ്പാദിപ്പിക്കുന്നതിനുള്ള ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിച്ചത്. പ്രമുഖ മദ്യവ്യവസായി വിജയ്മല്യയുടെ അച്ഛന്‍ വിട്ടല്‍ മല്യയുടെ ഉടമസ്ഥതയില്‍ തുടങ്ങിയ മാക്ഡവല്‍ കമ്പനി ഇപ്പോള്‍ അറിയപ്പെടുന്നത് യുണൈറ്റഡ് സ്പിരിറ്റ്‌സെന്നാണ്.
2008ല്‍ 258 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ 192 സ്ഥിരം തൊഴിലാളികളും 143 കരാര്‍ തൊഴിലാളികളും കൂടാതെ പ്രത്യക്ഷമായും പരോക്ഷമായും ഇരുനൂറോളം തൊഴിലാളികള്‍ വേറെയും കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. മാസം 1.80 ലക്ഷം കെയ്‌സ് വിദേശമദ്യം ഉത്പ്പാദിപ്പിച്ചിരുന്ന ഇവിടെ ഇപ്പോള്‍ ഒരു കേയ്‌സ് മദ്യം പോലും ഉത്പ്പാദിപ്പിക്കാതെയായി. ഉത്പ്പാദനത്തിനാവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ ലഭിക്കാത്തതാണ് കമ്പനി ലേ ഓഫ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ ഇതില്‍ യാതൊരു സത്യവും ഇല്ലെന്ന് തൊഴിലാളികള്‍ പറയുന്നു. അതു മാത്രമല്ല സംസ്ഥാനത്ത് ഇത്തരത്തില്‍ മദ്യ ഉത്പ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് 21 കമ്പനികളിലും ഉത്പ്പാദനത്തിനാവശ്യമായ ഇഎന്‍എ സുലഭമായി ലഭിക്കുമ്പോള്‍ ഇവിടെ മാത്രം കിട്ടുന്നില്ല എന്നുപറയുന്നതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. കമ്പനിയുടെ ചെയര്‍മാന്‍ വിജയ്മല്യ ആണെങ്കിലും ബ്രിട്ടീഷ് കമ്പനിക്ക് മാക്ഡവല്‍ വിറ്റുവെന്ന് ചില ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
2008ല്‍ തുടങ്ങിയ നാലു വര്‍ഷത്തെ ദീര്‍ഘകാല കരാറിന്റെ കാലാവധി അവസാനിച്ചപ്പോള്‍ കരാര്‍ പുതുക്കുന്നതിനു വേണ്ടി നടത്തിയ ചര്‍ച്ചയില്‍ 23.86 ശതമാനം ശമ്പളവര്‍ദ്ധനവും മറ്റാനുകൂല്യങ്ങളും അംഗീകരിച്ചിരുന്നു. ഇത് പ്രകാരം 2013 ഒക്‌ടോബര്‍ മുതല്‍ വേതനവും ഉത്പ്പാദനവും വര്‍ദ്ധിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പരസ്പര ധാരണാ പത്രം അധികൃതര്‍ ഒപ്പു വയ്‌ക്കുകയും അടുത്ത 10 ദിവസത്തിനുള്ളില്‍ ദീര്‍ഘകാല കരാര്‍ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികള്‍ മുമ്പാകെ ഒപ്പിടാമെന്നും അന്നത്തെ ചര്‍ച്ചയില്‍ മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ എംഒയു ഒപ്പിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും കരാര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കമ്പനി മാനേജ്‌മെന്റിന്റെ മലക്കം മറിച്ചില്‍.
കമ്പനി ലേ ഓഫ് ചെയ്യാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രമുഖ തൊഴിലാളി യൂണിയനുകള്‍ മാനേജ്‌മെന്റിനെതിരെ രംഗത്തു വന്നിട്ടുണ്ട്. യൂണിയനുകള്‍ കൂട്ടായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും മറ്റും നിവേദനം നല്‍കി കഴിഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തിന്റെ 55 ശതമാനം യുണൈറ്റഡ് സ്പിരിറ്റ് സില്‍ നിന്ന് വാങ്ങണമെന്നിരിക്കെ അത് പാലിക്കാതെ അന്യ സംസ്ഥാന മദ്യ ലോബിയെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെയും യൂണിയനുകള്‍ നിശിതമായി വിമര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: