ചേര്‍ത്തല: സ്വന്തമായി വാട്ടര്‍ ടാങ്ക് ഉണ്ടായിട്ടും അകമ്പള്ളി വെളി കോളനിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ഇനിയും അകലെ. തുരുമ്പ് പിടിച്ച് പൊളിഞ്ഞു വീഴാറായ ടാങ്ക് ഇപ്പോള്‍ ജനങ്ങള്‍ക്ക് തന്നെ ഭീഷണിയായിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചെറുവാരണം അകമ്പള്ളി വെളി കോളനിയിലെ വാട്ടര്‍ ടാങ്ക് പണിതീര്‍ന്നത് 2005 ലാണ്. ഇരുമ്പ് തൂണ് നാട്ടി അതില്‍ 5,000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ചിട്ട് വര്‍ഷം പത്താകാറായിട്ടും ഇതുവരെ ടാങ്ക് പ്രവര്‍ത്തന സജ്ജമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
സമീപത്ത് തന്നെ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ടാങ്കില്‍ നിന്നാണ് ആദ്യകാലത്ത് ഇവിടുത്തുകാര്‍ക്ക് കുടിവെള്ളം ലഭിച്ചിരുന്നത്. പുതിയ വാട്ടര്‍ടാങ്ക് പണിതതോടെ ഈ ടാങ്ക് ഉപയോഗിക്കാതെയായി. പക്ഷേ പുതിയത് പ്രവര്‍ത്തനക്ഷമമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിയാതെ വന്നതോടെ നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. നിലവില്‍ അരക്കിലോമീറ്ററോളം നടന്ന് പതിനൊന്നാം മൈല്‍-മുട്ടത്തിപ്പറമ്പ് റോഡില്‍ മില്ലു കവലക്ക് സമീപമുള്ള ജപ്പാന് കുടിവെള്ള പൈപ്പിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്.
കുടിവെള്ള ടാങ്ക് താങ്ങിനിര്‍ത്തിയിരിക്കുന്ന തൂണുകള്‍ തുരുമ്പിച്ച് ഇപ്പോള്‍ ഒടിഞ്ഞു വീഴാറായ നിലയിലാണ്. അപകട നിലയിലായ ഈ ടാങ്ക് പൊളിച്ചുമാറ്റണമെന്നും, ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ ഹരിജന്‍ കോളനിയോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും ബിജെപി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനും കമ്മറ്റിയില്‍ തീരുമാനമായി. പട്ടികജാതി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ആര്. ബിനു അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത്, രജിമോന്, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: