കോട്ടയം: ഫെഡറല്‍ ബാങ്ക് 20 കോടിരൂപയുടെ സാമൂഹ്യക്ഷേമപദ്ധതി നടപ്പാക്കും. അറ്റാദായത്തിന്റെ രണ്ട് ശതമാനമാണ് സാമൂഹ്യഉത്തരവാദിത്വ പദ്ധതികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. സ്ഥാപകന്‍ കെ.പി ഹോര്‍മീസിന്റെ ജന്മദിനമായ 18ന് ഫൗണ്ടേഴ്സ് ഡേയായി ആചരിക്കുന്നതോടൊപ്പമാണ് സാമൂഹ്യക്ഷേമപദ്ധതികളും നടപ്പാക്കുന്നത്.
കോട്ടയം സോണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 18ന് സെമിനാറും 19ന് ശിശുവളര്‍ച്ചാ വൈകല്യനിര്ണ്ണയക്യാമ്പും സംഘടിപ്പിക്കും. മൂന്ന്മാസമായ കുട്ടികള്‍ ശബ്ദം കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുക, നാല് മാസം കഴിഞ്ഞിട്ടും കഴുത്ത് ഉറക്കാതിരിക്കുക, എട്ട് മാസമായിട്ടും ഇരിക്കാതിരിക്കുക, ഒരു വയസ്സായിട്ടും നില്ക്കാന് കഴിയുന്നില്ല, ഒന്നരവയസ്സായിട്ടും സംസാരിക്കാന്‍ ശ്രമിക്കാതിരിക്കുക എന്നീ ലക്ഷണങ്ങളുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
കോട്ടയം ജ്യോതിസ് സ്കൂള്‍ ഫോര്‍ ചില്‍ഡ്രന്‍സ് വിത്ത് ചലഞ്ചസിന്റെ സാങ്കേതിക സഹായത്തോടെ നടക്കുന്ന ക്യാമ്പില്‍ മെഡിക്കല്‍ കോളേജിലെയും ജില്ലാ ആശുപത്രിയിലെയും വിദഗ്ദ്ധര്‍ പങ്കെടുക്കും.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ബാങ്ക് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്യാമ്പ് 19 ന് രാവിലെ 9 ന് ഫെഡറല്‍ ബാങ്കിന്റെ എസ്എച്ച് മൗണ്ടിലുള്ള സോണല്‍ ഓഫീസിലാണ് നടക്കുന്നത്.
ഇത്തരം വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണവും സംശയ ദൂരീകരണത്തിനുമായി ശനിയാഴ്ച സെമിനാര്‍ നടക്കും.
പത്രസമ്മേളനത്തില്‍ ഫെഡറല്‍ബാങ്ക് കോട്ടയം റീജിയണ്‍ എ ജിഎം എസ്. രാജന്,കോട്ടയം സോണല്ചീഫ് മാനേജര്‍ ജോമോന് മാത്യൂ,അനില്‍ കുമാര്‍ പി ആര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: