ഭാരതത്തിലെ സ്ത്രീകള്‍ ഒരിക്കലും ഒരു രംഗത്തും പിന്നിലല്ല, അതിന് പുരാണേതിഹാസങ്ങളില്‍ പോലും ഉദാഹരണങ്ങള്‍ ഏറെയുണ്ട്. യാതൊരു സംവരണവും ഇല്ലാത്ത കാലത്ത് അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ എത്തിയവരും നമുക്കു ചുറ്റുമുണ്ട്. ഇതൊന്നും വശീകരിച്ചെടുത്തതല്ല, മറിച്ച് സ്വശക്തിയിലൂടെ നേടിയതാണ്. ഭാരതത്തില്‍ വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഉണ്ടായിട്ടും അവര്‍ തൊഴിലിടങ്ങളിലേക്ക് കടന്നുവരുന്നില്ലെന്നാണ് മിക്ക റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. പല കാരണങ്ങളും ഇതിനു പിന്നിലുണ്ടാകാം. എന്നാല്‍ തൊഴിലിടങ്ങളിലേക്ക് ഇറങ്ങി വന്ന് കരുത്ത് തെളിയിച്ച സ്ത്രീകളുടെ പട്ടിക നീണ്ടതാണ്. ഏറ്റവും ഒടുവിലത്തെ ഉദഹാരണം ഫോര്‍ച്യൂണ്‍ മാസിക ഇക്കഴിഞ്ഞ മാസം പുറത്തിറക്കിയ ലോകത്തിലെ സ്വാധീനമുള്ള വനിതകളുടെ പട്ടികയാണ്. ലോകത്തിലെ 25 ശക്തരായ വനിതകളുടെ പട്ടികയാണ് മാസിക പുറത്തിറക്കിയത്. ഇവരില്‍ ഒമ്പതുപേരും
ഭാരതത്തില്‍ നിന്നുള്ളവരാണ്. അതും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. രാജ്യത്തെ എല്ലാ വനിതകള്‍ക്കും ആശാവഹവും അഭിമാനവുമാണ് ഈ റിപ്പോര്‍ട്ട്. മാസിക പുറത്തുവിട്ട ഭാരതത്തിലെ ആ ഒമ്പത് വനിതകളെക്കുറിച്ചാണ് ഇന്ന് മിഴി തുറക്കുന്നത്.
ഐസിഐസിഐ ബാങ്ക് സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറാണ് പട്ടികയില്‍ ആദ്യം ഇടം പിടിച്ച ഇന്ത്യക്കാരി. ശക്തരായ വനിതകളില്‍ രണ്ടാം സ്ഥാനമാണ് ചന്ദ കൊച്ചാറിന്. രാജസ്ഥാന് സ്വദേശിയായ ചന്ദ കൊച്ചാര്‍ 1993-ലാണ് ഐസിഐസിഐ ബാങ്ക് സ്ഥാപിക്കുന്നതിനുള്ള കോര്‍ ടീമിലേക്ക് കെ.വി കാമത്തിനൊപ്പം പ്രവേശിച്ചത്. 1994-ല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായും 1996-ല്‍ ഡെപ്യുട്ടി ജനറല്‍ മാനേജരായും ഉദ്യോഗക്കയറ്റം ലഭിച്ചു. 2000-ത്തില്‍ ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ ബാങ്കിങ്ങിലേക്ക് പ്രവേശിച്ചത് സീനിയര്‍ ജനറല്‍ മാനേജരായ ചന്ദയുടെ നേതൃത്വത്തിലണ്. 2001-ല്‍ ഐസിഐസിഐ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. അഞ്ചു വര്‍ഷം കൊണ്ട് 5 ലക്ഷം പുതിയ ഇടപാടുകാരുമായി ഐസിഐസിഐ ബാങ്ക് ഏറ്റവും വലിയ റീട്ടെയില്‍ ഫൈനാന്സ്യര് ആയി. 2010-ല്‍ പദ്മഭൂഷണ്‍ നല്കി ചന്ദ കൊച്ചാറിനെ രാജ്യം ആദരിച്ചു.
പെപ്സികോ സിഇഒ ഇന്ദ്ര നൂയിക്ക് മൂന്നാം സ്ഥാനമാണ്. ചെന്നൈ സ്വദേശിയായ ഇന്ദ്ര 2006- ലാണ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തെത്തിയത്. 2006-ല്‍ ഔദ്യോഗികമായി പെപ്സി കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍ ഇവരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയി നിയമിച്ചു. അമേരിക്കയിലെ ഫോര്‍ബ്സ് മാഗസിന് നടത്തിയ തെരഞ്ഞെടുപ്പില്‍, ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യയാണ് നാലാം സ്ഥാനത്ത്. പശ്ചിമബംഗാള്‍ സ്വദേശിയായ അരുന്ധതി 1977-ലാണ് എസ്ബിഐയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2014-ലാണ് ബാങ്കിന്റെ 24-ാമത്തെ ചെയര്‍പേഴ്സണായി ചുമതലയേറ്റത്.
അഞ്ചാം സ്ഥാനത്ത് എച്ച് പി സി എലിന്റെ നിഷി വാസുദേവയാണ്. കൊല്‍ക്കത്ത സ്വദേശിയായ നിഷി 2013 ആഗസ്റ്റിലാണ് എച്ച്പിസിഎലിന്റെ തലപ്പത്തെത്തുന്നത്. പെട്രോളിയം മേഖലയിലെ 34 വര്‍ഷത്തെ പരിചയ സമ്പത്തോടെയാണ് 57 കാരിയായ നിഷി കമ്പനിയുടെ ചെയര്‍പേഴ്സണ്‍ ആകുന്നത്.
ആക്സിസ് ബാങ്ക് ചെയര്‍പേഴ്സണ്‍ ശിഖ ശര്‍മ്മ പത്താം സ്ഥാനത്താണ്. ദല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിഖ 2006 മുതല്‍ ആക്സിസ് ബാങ്കില്‍ പ്രവര്‍ത്തിച്ചുവരികയാണ്. സ്വകാര്യ മേഖലയിലെ മൂന്നാമത്തെ വലിയ ബാങ്കെന്ന നിലയില്‍ ആക്സിസ് ബാങ്കിനെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ പങ്കുണ്ട് ശിഖ ശര്‍മ്മക്ക്.
ബയോകോണ്‍ ചെയര്‍പേഴ്സണ്‍ കിരണ്‍ മസുംദാര്‍ ഷാ 19-ാം സ്ഥാനത്താണ്. ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന കിരണ്‍ മസുംദാര്‍ ബംഗളൂരുവിലാണ് സ്ഥിരതാമസം. 2001-ല്‍ ബയോകോണിന്റെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തിയ കിരണ്‍ 2004-ല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തി. 61-കാരിയായ കിരണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തവണ ആദരവും ലഭിച്ചിട്ടുണ്ട്.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ ചിത്ര രാമകൃഷ്ണ 22-ാം സ്ഥാനത്തും എച്ച്എസ്ബിസിയുടെ നൈന ലാല്‍ കിദ്വായി 23-ാം സ്ഥാനത്തുമാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ആരംഭിച്ച നൈന ലാല്‍ കിദ്വായി ഫിക്കിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്നും ഗ്രാജുവേഷന് പൂര്‍ത്തിയാക്കുന്ന ഭാരതത്തിലെ ആദ്യ വനിതയാണ് നൈന. വൈസ് ചെയര്മാന്, ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അങ്ങനെ നിരവധി ചുമതലകള്‍ ഏറ്റെടുത്ത ശേഷമാണ് എച്ച് എസ് ബി സിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തുന്നത്.
ചിത്ര രാമകൃഷ്ണന് 1990-ലാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എത്തുന്നത്. ഐഡിബിഐയില്‍ ഉദ്യോഗസ്ഥയായിരുന്നു. 2013ലാണ് ഇവര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മേധാവിയായി ചുമതലയേറ്റത്.
ടിഎഫ്ഇ സിഇഒ മല്ലിക ശ്രീനിവാസന് 25-ാം സ്ഥാനവും സ്വന്തമാക്കി. ചെന്നൈ സ്വദേശിയായ മല്ലിക ടിവിഎസ് മോട്ടോഴ്സ് ചെയര്മാന് വേണു ശ്രീനിവാസന്റെ ഭാര്യയാണ്. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ചെന്നൈയിലെ ഏറ്റവും വലിയ കമ്പനിയാണ് ടിഎഎഫ്ഇ.
ഓസ്ട്രേലിയന്‍ ബാങ്കിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനമായ വെസ്റ്റ്പാക്കിന്റെ മേധാവി ഗെയില്‍ കെല്ലിയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരി. ഭാരതത്തിലെ ലിസ്റ്റഡ് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ലോകത്തിലെ വനിതകള്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുന്നു എന്നതിനുള്ള വലിയ തെളിവാണ് ഇവരുടെ വളര്‍ച്ച. പട്ടികയില്‍ രണ്ട് മുതല്‍ അഞ്ചുവരെ തുടര്‍ച്ചയായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞത് രാജ്യത്തിന്റെ കൂടി നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: