ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷന് തീര്‍ത്ഥാടകരെ വരവേല്ക്കുവാന് ഒരുങ്ങുന്നു. 30ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ ജെ.ആര്. അനിലിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന് സമീപം തന്നെ തീര്‍ത്ഥാടകര്‍ക്ക് പില്‍ഗ്രിം സെന്ററിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലാന്‍ പ്രത്യേക ഗേറ്റും, വിവിധ ഭാഷകളിലുളള ബോര്‍ഡും സ്ഥാപിക്കും. മുന്‍ വര്‍ഷങ്ങളില്‍ സ്റ്റേഷന് പുറത്തെത്തിയെങ്കില് മാത്രമെ തീര്‍ത്ഥാടകര്‍ക്ക് പില്ഗ്രിംസെന്ററിലേക്ക് കടന്നുചെല്ലാന്‍ കഴിയുമായിരുന്നുള്ളു. ഇവിടേക്ക് കടന്നുചെല്ലുന്ന റോഡുകളും മറ്റും കോണ്‍ക്രീറ്റ്ചെയ്ത് വൃത്തിയാക്കുകയാണ്.
സ്റ്റേഷന് മുന്‍ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണികളും, വാഹനങ്ങള്‍ അകത്തേക്കും, പറത്തേക്കും വരുന്ന ഭാഗത്ത് തകര്‍ന്നുകിടക്കുന്ന സ്ലാബുകള്‍ നീക്കംചെയ്ത് പുതിയത് സ്ഥാപിക്കും. സ്റ്റേഷനില്‍ പെയിന്റിങ്, ഇലക്ട്രിക്കല്‍ ജോലികളും നടന്നുവരികയാണ്. യാത്രക്കാര്‍ക്ക് കുടിവെള്ളം ശേഖരിക്കുന്നതിനായി അരലക്ഷത്തോളം വിലയുളള സിങ്കും ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ചിട്ടുണ്ട്. ജലക്ഷാമം ഉണ്ടാകാതിരിക്കാന്‍ പമ്പാനദിയില്‍ നിന്നും ജലം എത്തിക്കുന്നതിനുളള നടപടിയും പൂര്‍ത്തികരിച്ചു. പൂട്ടിക്കിടക്കുന്ന ശൗചാലയങ്ങള്‍ തുറന്ന് നല്‍കുന്നതിനുളള നടപടി ക്രമങ്ങളും അധികൃതര്‍ ആരംഭിച്ചു.
പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ 19ന് റെയില്‍വ്വേ ജനറല്‍ മാനേജര്‍ പങ്കെടുക്കുന്ന ശബരിമല തീര്‍ത്ഥാടന അവലോകനയോഗവും സ്റ്റേഷന് നിശ്ചയിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ തീര്‍ത്ഥാടന കാലം ആരംഭിച്ചാലും റെയില്‍വെ സ്റ്റേഷനിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകില്ലായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഇക്കുറി ഒരു മാസം മുന്‍പെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: