ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്നം വീണ്ടും കുത്തിപ്പൊക്കി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാക്നീക്കം പൊളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്ര സഭ അപ്പാടെ തള്ളി. പ്രശ്നങ്ങളെല്ലാം ഭാരതവും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. അന്താരാഷ്ട്ര രംഗത്ത് പാക്കിസ്ഥാന് ഏറ്റ കനത്ത ആഘാതമാണിത്.
അതിര്‍ത്തിയില്‍ ഭാരതം വെടിവെപ്പ് നടത്തുകയാണെന്നും പ്രശ്നത്തില്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ച് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന് കത്തയച്ചിരുന്നു. കശ്മീര്‍ പ്രശ്നം യുഎന്‍ ഇടപെട്ട് പരിഹരിക്കണമെന്നും പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതില്‍ യുഎന്നിന് പ്രധാനപങ്ക് വഹിക്കാനുണ്ടെന്നും കത്തില്‍ സര്‍താജ് അസീസ് പറഞ്ഞിരുന്നു. ഈ കത്താണ് യുഎന്‍ തള്ളിയത്.
ഭാരതവും പാക്കിസ്ഥാനും ക്രീയാത്മകമായ ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് സ്ഥിരം പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണ്‍ പറഞ്ഞിരുന്നു. കത്തിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുത്തരമായി ബാന്‍കീ മൂണിന്റെ ഉപവക്താവ് ഫര്ഹാന് ഹഖ് വാര്‍ത്താ സേമ്മളനത്തില്‍ പറഞ്ഞു.
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ബാന്‍ കീ മൂണിന് ആശങ്കയുണ്ട്. ഇരുഭാഗത്തുമുള്ള നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതിലും അനവധി പേര്‍ക്ക് കുടിയൊഴിയേണ്ടിവന്നതിനെയും അദ്ദേഹം അപലപിച്ചിട്ടുമുണ്ട്, ഹഖ് പറഞ്ഞു.
കഴിഞ്ഞയാഴ്ച പൊതുസഭയില്‍ അതിര്‍ത്തി പ്രശ്നത്തെച്ചൊല്ലി പാക്കിസ്ഥാനും ഭാരതവും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ അപലപിച്ച ഭാരതം വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചൂണ്ടിക്കാട്ടിയിരുന്നു. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഭാരതം വ്യക്തമാക്കിയിട്ടുമുണ്ട്. ചര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഇനി സൃഷ്ടിക്കേണ്ടത് പാക്കിസ്ഥാനാണെന്നും ഭാരതം വ്യക്തമാക്കിയിരുന്നു.
കാലങ്ങളായി കശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാന്‍ പാക്കിസ്ഥാന് ശ്രമിച്ചുവരികയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നതും. എന്നാല്‍ ഐക്യാരാഷ്ട്രസഭ ഇതിന് ചെവികൊടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: