കോട്ടയം: നിറഞ്ഞു കിടക്കുന്ന കിണറ്റില്‍ കരിഓയില്‍ ഒഴിച്ച് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. തിരുവാതുക്കലിലാണ് ഇരുപതോളം വീട്ടുകാര്‍ കുടിവെള്ളത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്ന കിണറ്റില്‍ കരിഓയില്‍ ഒഴിച്ചത്. പുളിച്ചിപറമ്പില്‍ പി. സി സജീവിന്റെ കിണറ്റിലാണ് കരിയോയില്‍ പ്രയോഗം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമെന്നു കരുതുന്നു. കിണറ്റില്‍ മൂടിയിരുന്ന പ്ലാസ്റ്റിക് പടുത മാറ്റിയ ശേഷമാണ് ഓയില്‍ ഒഴിച്ചത്. പിന്നീട് പടുത പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. ഇന്നലെ രാവിലെ വീട്ടുകാര്‍ വെള്ളം കോരിയപ്പോഴാണ് സംഭവമറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്.
തൊട്ടടുത്ത വീടിനു നേരെയും സാമൂഹിക വിരുദ്ധരുടെ വിളയാട്ടമുണ്ടായി. വീടിനു മുന്പില് നിന്ന ചെടികള്‍ പറിച്ചെടുത്തു വാതിലില്‍ മുന്പില് കൊണ്ടിട്ടായിരുന്നു പരാക്രമം. ഈ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പെരുകുന്നതായി പരാതിയുണ്ട്. മീറ്ററുകള്‍ അകലെ എന്‍എസ്എസ് കരയോഗം കെട്ടിടത്തിനു സമീപത്തെ പുരയിടത്തില്‍ നിന്നു വിളകള്‍ നഷ്ടപെട്ടതും കഴിഞ്ഞയിടെയാണ്. പൊലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: