മുഹമ്മ: മാലിന്യനിര്‍മ്മാര്‍ജനം പാളി; മുഹമ്മയിലെത്തിയാല് മൂക്കുപൊത്തണം. മുഹമ്മ മാര്‍ക്കറ്റ്, മൂപ്പിരിത്തോട് പരിസരം, ജങ്ഷനിലൂടെ കടന്നുപോകുന്ന തോട് എന്നിവിടങ്ങളില്‍ മൂക്കുപൊത്താതെ നടക്കാനാകില്ല. കച്ചവടക്കാരുടെയും മാര്ക്കറ്റിലെത്തുന്നവരുടെയും ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലാണ് മാര്‍ക്കറ്റിലെ മാലിന്യം. മാര്‍ക്കറ്റിലെ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ മാലിന്യം ശേഖരിക്കുന്നതിനായി പഞ്ചായത്ത് പ്രഖ്യാപിച്ച പദ്ധതികള്‍ എങ്ങുമെത്തിയില്ല. കൊട്ടിഘോഷിച്ച് ഉദ്ഘാടനം മാത്രമാണ് നടന്നത്.
കമ്പോളത്തിലെ ഇരുന്നൂറോളം കടകള്‍ക്ക് മാലിന്യം ശേഖരിക്കാന്‍ രണ്ട് വീതം ചാക്കു നല്കി. വീടുകളിലും ചാക്കു നല്കി. അയല്‍ക്കൂട്ടം വനിതകള്‍ കമ്പോളത്തിലെ മാലിന്യം ശേഖരിച്ചതല്ലാതെ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. കച്ചവടക്കാര്‍ ശേഖരിച്ചുവച്ച മാലിന്യം അഴുകി നശിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. അതേസമയം ഒക്ടോബര്‍ രണ്ടിന് അയല്‍ക്കൂട്ടം സ്ത്രീകളെ ഉപയോഗിച്ച് പഞ്ചായത്ത് ഓഫീസ് വളപ്പ് വൃത്തിയാക്കാന്‍ അധികൃതര്‍ക്ക് മടിയുണ്ടായില്ല.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ചാക്ക് ദ്രവിച്ച് നാശമായതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് മാലിന്യ നിര്‍മ്മാര്‍ജനത്തിനായി കുറച്ചെങ്കിലും ശ്രമിച്ചത്. മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രവും ബസ് സ്റ്റാന്‍ഡും വൃത്തിയാക്കി ബിജെപി മുഹമ്മ പഞ്ചായത്ത് കമ്മറ്റി മാതൃക കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: