മാവേലിക്കര: കടന്നല്‍കുത്തേറ്റ് നീരുവന്ന് വീര്‍ത്ത കൈവിരലിലെ മോതിരം അഗ്നിശമന സേനയുടെ സഹായത്തോടെ ഊരി. മാവേലിക്കര അഗ്നിശമന സേന യൂണിറ്റിലെ കൃഷ്ണകുമാറാണ് മോതിരം ഊരിയെടുത്തത്. കായംകുളം യുഎഇ എക്സ്ചേഞ്ചിലെ ജീവനക്കാരനായ ചെട്ടികുളങ്ങര പേള ആനയടി തെക്കതില്‍ വീട്ടില്‍ ധനേഷി (28)ന്റെ ഇടതുകൈയുടെ നടുവിരലില്‍ ശനിയാഴ്ച രാവിലെ 9.30ന് കടന്നല്കുത്തി. വിരലില്‍ നീരു വന്നതോടെ ഇതില്‍ അണിഞ്ഞിരുന്ന മോതിരം ഊരിമാറ്റാന്‍ പറ്റാത്ത അവസ്ഥയിലായി. വേദനയും അസ്വസ്ഥതയും കൊണ്ട് അവശനായ ധനേഷിനെ സ്വര്ണപ്പണിക്കാരന്റെയടുത്തും സ്വകാര്യ ആശുപത്രികളിലും എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് രാത്രി പന്ത്രണ്ടോടെ മാവേലിക്കര ഫയര്‍സ്റ്റേഷനിലെത്തിച്ചത്. കൃഷ്ണകുമാര്‍ ഒരു കോട്ടണ്‍ ട്വയിന് നൂല് മോതിരത്തിനടിയിലൂടെ കയറ്റി മറുവശം വിരലില്‍ ചുറ്റി വളരെ വിദഗ്ദ്ധമായി ഊരിയെടുത്തു. ഇന്റര്‍നെറ്റിലൂടെയാണ് നൂല്വിദ്യ പഠിച്ചതെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: