അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ കൊമ്പന് വിജയകൃഷ്ണന്റെ ദുരിതം മാറാന്‍ ഫോറസ്റ്റ് വകുപ്പ് കനിയണം. മദപ്പാട് കഴിഞ്ഞതിനെ തുടര്‍ന്ന് ആനത്തറയിലേക്ക് മാറ്റിയ വിജയകൃഷ്ണന് വനം വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് ദുരിതം അനുഭവിക്കേണ്ടി വരുന്നു.
ഗജവീരനായ വിജയകൃഷ്ണന് ദുരിതമാകുന്നത് സ്വന്തം കൊമ്പുകള്‍ തന്നെ. ഒന്നര മീറ്ററില്‍ കൂടുതല്‍ നീളത്തില്‍ വളര്‍ന്ന കൊമ്പ് മൂലം തീറ്റയെടുക്കാനോ തുമ്പിക്കൈ ഉയര്‍ത്തുവാനോ സാധിക്കുന്നില്ല. മറ്റ് ആനകളുടെ കൊമ്പ് എല്ലാ വര്‍ഷവും മുറിച്ചുമാറ്റാറുണ്ട്. എന്നാല്‍ വിജയകൃഷ്ണന്റെ കൊമ്പ് 2007ല്‍ മുറിച്ച ശേഷം പിന്നീട് ഒന്നും ചെയ്തിട്ടില്ല.
കഴിഞ്ഞ കുറേ നാളുകളായി ദേവസ്വം ബോര്‍ഡില്‍ നിന്നും ഉന്നതോദ്യോഗസ്ഥര്‍ നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും വനം വകുപ്പിലെ ഡോക്ടര്‍ക്ക് സമയമില്ലെന്ന മറുപടിയാണ് ഇവിടെ നിന്നും ലഭിച്ചതെന്ന് പറയുന്നു.
മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള ജോലി ദേവസ്വം ബോര്‍ഡ് ഡോക്ടര്‍ക്ക് തന്നെ ചെയ്യാമായിരുന്നു. എന്നാല്‍ വനം വകുപ്പിന്റെ പുതിയ നിയമം വന്നതോടെ ദേവസ്വം ബോര്‍ഡ് കാഴ്ചക്കാര്‍ മാത്രമാകുകയായിരുന്നു. ആനയുടെ കൊമ്പ് മുറിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതു വരെ വിജയകൃഷ്ണന് ആനത്തറയില്‍ തന്നെ നില്‍ക്കേണ്ടി വരും.
കൊമ്പിന്റെ ഭാരം മൂലം കണ്ണില്‍ നിന്നും നിരന്തരം വെള്ളം വരുന്നതും തലയ്ക്ക് ഭാരവും വര്‍ദ്ധിക്കുന്നതായും പാപ്പാന് ഗോപന് പറയുന്നു. കൂടാതെ 16-ാം തീയതി മുതല്‍ വിവിധ ക്ഷേത്രങ്ങളിലേക്ക് എഴുന്നള്ളിപ്പ് കൊണ്ടുപോകേണ്ടതാണ് വിജയകൃഷ്ണനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: