കോട്ടയം: വൈകല്യങ്ങളെ മറന്ന് ചിത്രങ്ങള്‍ക്ക് ചായം പകര്‍ന്ന് കേരളത്തിന്റെ കണ്മണി. വൈഎംസിഎയുടെ 43-ാമത് അഖില കേരള ചിത്രരചനാ മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയതാണ് മാവേലിക്കര സ്വദേശിനി കണ്മണിശശി. ജന്മനാ തന്നെ രണ്ടു കൈകളും ഇല്ലാത്ത കണ്മണി കലാരംഗത്ത് വളരെ ശ്രദ്ധേയയാണ്. തന്റെ വൈകല്യങ്ങള്‍ വകവയ്ക്കാതെ ഇരുകൈകളും ഇല്ലെന്ന യാഥാര്‍ത്ഥ്യത്തെ മറന്ന് കാലുകളെ കൈകളാക്കി ചിത്രം വരയ്ക്കുകയാണ് ഈ കൊച്ചുമിടുക്കി. ചിത്രരചനാ രംഗത്ത് കഴിവ് തെളിയിച്ചിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂവെങ്കിലും വളരെ പെട്ടെന്നുതന്നെ ഈ രംഗത്ത് ശ്രദ്ധേയയാകുവാന് കണ്മണിക്ക് കഴിഞ്ഞു. കുറഞ്ഞ കാലയളവിനുള്ളില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. അവയിലെല്ലാം വിജയിക്കാനും സമ്മാനര്ഹയാകാനും കണ്മണിക്ക് കഴിഞ്ഞു. സംഗീത രംഗത്തും കണ്മണി പ്രഗത്ഭയാണ്. കലോത്സവ വേദികളിലും പൊതുസ്ഥളങ്ങളിലുമായി നിരവധി സമ്മാനങ്ങള്‍ കണ്മണിയെ തേടി എത്തിയിരിക്കുന്നത്. കുന്നം സ്വദേശി വീണാചന്ദ്രനും വര്‍ക്കല സ്വദേശി സി.വി. ജയകുമാറുമാണ് സംഗീതത്തില്‍ കണ്മണിയുടെ ഗുരുക്കന്മാര്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി ശശിധരനാണ് കണ്മണിയുടെ അച്ഛന്. വിദേശത്ത് ഡ്രൈവറാണ് അദ്ദേഹം. അമ്മ രേഖ ശശികുമാര്‍. സഹോദരന് മണികണ്ഠന് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: