കൊച്ചി: ഇത്തവണ ഭാഗ്യദേവത കനിഞ്ഞില്ല. ഭാരതത്തിന് കനത്ത തോല്‍വി. ഭാരത ടീമിന്റെ ഭാഗ്യഗ്രൗണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനത്തിലാണ് ടീം ഇന്ത്യ 124 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.
കൊച്ചിയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ഭാരതം ഏകദിനത്തില്‍ പരാജയപ്പെടുന്നത്. സിംബാബ്വേയോടും ഓസ്ട്രേലിയയോടുമാണ് ഭാരതം ഇതിന് മുമ്പ് കൊച്ചിയില്‍ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് അടിച്ചുകൂട്ടി. പുറത്താകാതെ 126 റണ്‍സെടുത്ത മാര്‍ലോണ്‍ സാമുവല്‍സിന്റെയും 61 റണ്‍സെടുത്ത ദിനേഷ് രാംദിന്റെയും 46 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിന്റെയും മികച്ച ബാറ്റിംഗാണ് വിന്‍ഡീസിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഭാരതത്തിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കി വിജയം നേടാന്‍ കഴിഞ്ഞില്ല. ശിഖര്‍ ധവാനും (68) അജിന്‍ക്യ രഹാനെയും (24) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും രഹാനെ റണ്ണൗട്ടായി മടങ്ങിയതോടെ തകര്‍ച്ചയും തുടങ്ങി. തുടര്‍ന്നുവന്നവരെല്ലാം ബാറ്റിംഗിന്റെ ബാലപാഠംപോലും മറന്ന രീതിയിലാണ് ക്രീസില്‍ കളിച്ചത്.
അഞ്ചുപേര്‍ മാത്രമാണ് ഭാരതനിരയില്‍ രണ്ടക്കം കടന്നത്. ധവാനും രഹാനെക്കും പുറമെ രവീന്ദ്ര ജഡേജയും (33 നോട്ടൗട്ട്) അമ്പാട്ടി റായിഡു(13), മുഹമ്മദ് ഷമി(19) എന്നിവരാണ് രണ്ടക്കം കടന്നവര്‍. വെസ്റ്റിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം മത്സരം 11ന് ദല്‍ഹിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: