ചേര്‍ത്തല: കുഞ്ഞിവിരല്‍ പിടിച്ച് അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് പിച്ചനടത്തിക്കുവാന് നിലത്തെഴുത്തുകളരികളെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ചൊല്ലിക്കൊടുക്കുന്ന അക്ഷരങ്ങള്‍ ഏറ്റുചൊല്ലി ഗ്രാമങ്ങളെ അക്ഷരമന്ത്രങ്ങളാല് ശുദ്ധീകരിച്ചിരുന്ന കളരികള്‍. ആശാനെന്നും ആശാട്ടിയെന്നും വിളിച്ചിരുന്ന ആദ്യ ഗുരുക്കന്മാര്. ഇന്ന് കളരികളും ആശാന്മാരും എല്ലാം അപ്രത്യക്ഷമായി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ചേര്‍ത്തല നഗരത്തിന്റെ തിരക്കില്‍ നിന്ന് അധികം അകലെയല്ലാത്ത ഒരു നിലത്തെഴുത്തു കളരി.
നഗരസഭ 13-ാം വാര്‍ഡില്‍ ഡിപി കവലക്ക് സമീപമുള്ള നടുവിലേഴത്ത് വീടിന്റെ മുറ്റത്ത് ഇപ്പോഴുമുണ്ട് നിറയെ കുട്ടികള്‍ കുട്ടികളുടെ പ്രീയപ്പെട്ട രാച്ചേച്ചി എന്ന ആശാട്ടിയില് നിന്ന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ സ്വന്തമാക്കുവാന്‍. ഡി. പരമേശ്വരന്‍നായരുടെ പത്നിയായി നടുവിലേഴത്ത് വീട്ടിലെത്തിയ രാധാ പി.നായര്‍ 1970ലാണ് ഈ കളരി ആരംഭിച്ചത്. അന്നുണ്ടായിരുന്നത് വെറും അഞ്ചു കുട്ടികള്‍. പിന്നീട് കളരിയെ കുറിച്ച് അറിഞ്ഞ് നിരവധിപേരാണ് എത്തിയത്. വര്‍ഷം അറുപതും എഴുപതും കുട്ടികള്‍ ഉണ്ടായിരുന്ന പഴയ കാലത്തെ കുറിച്ച് ടീച്ചര്‍ ഓര്‍ക്കുന്നു. അന്നൊക്കെ അക്ഷരം എഴുതിച്ചിരുന്നത് മണ്ണിലായിരുന്നു. ഇന്ന് പേരില്‍ മാത്രമേയുള്ളു നിലത്തെഴുത്ത്. കാലം മാറിയപ്പോള്‍ ടീച്ചറും സ്ലേറ്റും പെന്‍സിലും ഉപയോഗിക്കുവാന്‍ തുടങ്ങി.
ഹൈടെക് വിദ്യാഭ്യാസത്തിന്റെ പുറംമോടിയില്‍ നിലത്തെഴുത്തുകളരികള് വിസ്മൃതിയിലായി. എങ്കിലും തനിക്കിതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു പഞ്ഞവും ഉണ്ടായിട്ടില്ലെന്ന് ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടര വയസുമുതല്‍ ആറു വയസുവരെയുള്ള 35 ഓളം കുട്ടികള്‍ ഈ കളരിയില്‍ ഇപ്പോഴുണ്ട്.
മൂന്ന് തലമുറയ്ക്ക് അക്ഷരം ചൊല്ലിക്കൊടുത്തതിന്റെ പുണ്യം ഒരു ചിരിയിലൊതുക്കുകയാണ് ഈ 67 കാരി. പഠിപ്പിച്ചവരെല്ലാം ഇന്ന് വലിയനിലയിലാണെന്ന് അഭിമാനത്തോടെ പറയുന്നു രാധ ടീച്ചര്‍. വിജയദശമി നാളുകള്‍ ഇങ്ങെത്തി. രാധടീച്ചറും തിരക്കിലാണ്. കുറെ കുട്ടികള്‍ ഇത്തവണ ഇവിടെ നിന്ന് സ്കൂളിലേക്ക് പോകുന്നുണ്ട്, ഒപ്പം പുതിയ കുരുന്നുകളെ വരവേല്‍ക്കാനും ടീച്ചര്‍ ഒരുങ്ങിക്കഴിഞ്ഞു. ഗുരുശിഷ്യ ബന്ധത്തിന്റെ ആഴത്തിന് അടിത്തറയിട്ട ആശാന്കളരികളും ആദ്യം അമ്മയെന്ന് എഴുതാന്‍ പഠിപ്പിച്ച ഗുരുക്കന്മാരും, പുതിയ തലമുറയ്ക്ക് അന്യം നിന്നു പോകുന്ന ഈ സംസ്കാരങ്ങളിലേക്കു തിരിച്ചു നടക്കാന്‍ രാധ ടീച്ചറെ പോലുള്ളവര്‍ ഇനിയും ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: